പ്രതിഷേധത്തിന് താത്കാലിക ശമനം; വിശ്വാസികൾ അറസ്റ്റ് വരിച്ചു; പിറവം സെന്‍റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു

Jaihind News Bureau
Thursday, September 26, 2019

Piravom-Church-clash

ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പിറവം സെന്‍റ് മേരീസ് പള്ളി എറണാകുളം ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. പളളി പരിസരത്തു പ്രതിഷേധിച്ച യാക്കോബായ വൈദികർ അടക്കമുള്ള വിശ്വാസികൾ അറസ്റ്റ് വരിച്ചതോടെ പ്രതിഷേധത്തിന് താത്കാലിക ശമനമായി.

ഒഴിപ്പിക്കല്‍ നടപടികൾ പൂര്‍ത്തിയാക്കി പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ ഉച്ചയ്ക്ക് റിപ്പോര്‍ട്ട് നല്‍കാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിറവം പള്ളിയുടെ താക്കോല്‍ നാളെ ഹൈക്കോടതിക്ക് സമര്‍പ്പിക്കും.

പളളി പരിസരത്തു പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇതിന് തയാറാകാത്തവരെ ബലം പ്രയോഗിച്ച്‌ വാഹനങ്ങളിലേക്ക് കയറ്റുകയും ചെയ്തു. ഒരു പ്രശ്നത്തിലേക്ക് തങ്ങള്‍ ഇല്ലായെന്നും തര്‍ക്കവുമായി ബന്ധപ്പെട്ട് സമയവായത്തിലൂടെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്നും പൊലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് തങ്ങള്‍ അറസ്റ്റ് വരിക്കുന്നതെന്നും മെത്രാപ്പൊലീത്തമാര്‍ അറിയിച്ചു. എന്നാല്‍ വൈദിക വിദ്യാര്‍ത്ഥികളും മറ്റ് വൈദികരും ഇവിടെ നിന്നും ഒഴിഞ്ഞ് പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച്‌ പൊലീസ് നീക്കുകയായിരുന്നു.വൈദികര്‍ പൊലീസ് വാഹനത്തില്‍ കയറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് എറണാകുളം കളക്ടര്‍ എസ്.സുഹാസ് സ്ഥലത്തെത്തി ഇവരോട് അറസ്റ്റ് വരിച്ച്‌ വാഹനത്തില്‍ കയറാന്‍ അഭ്യര്‍ത്ഥിച്ചു.

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പൊളിച്ചിരുന്നു. പിറവം പള്ളിയിലും പരിസരത്തുമായി യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായും ഒഴിപ്പിച്ച ശേഷം റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണിതുണ്ടായത്.

പള്ളിയുടെ പരിസരത്ത് തമ്പടിച്ചിരിയ്ക്കുന്നവരെ ഒഴിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. ഇവരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചതിന് ശേഷം ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞിരുന്നത്. വൈദികരടക്കം 67 പേര്‍ക്ക് പള്ളിയില്‍ പ്രവേശിക്കുന്നതിന് രണ്ട് മാസം നീണ്ട നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.