ലോകകപ്പ് : ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ജയം

Jaihind Webdesk
Tuesday, June 4, 2019

ലോകകപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് അനായാസ ജയം. ട്രെൻഡ് ബ്രിഡ്ജിലെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 14 റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 348 റൺസ് മറികടക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ സാധിച്ചുള്ളൂ.

ലോകകപ്പിൽ രണ്ട് താരങ്ങൾ ശതകം നേടിയ മത്സരത്തിൽ ബാറ്റിംഗ് ടീം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന ചരിത്രം മാറ്റി മറിച്ച് ഇംഗ്ലണ്ട്. 107 റൺസ് നേടിയ ജോ റൂട്ടിന്‍റെയും 76 പന്തിൽ നിന്ന് വെടിക്കെട്ട് ശതകവുമായി നിന്ന ജോസ് ബട്‌ലറുടെയും ഇന്നിംഗ്‌സുകളാണ് വിഫലമായി പോയത്. ബൗളിംഗിലെ പിഴവാണ് ആതിഥേയർക്ക് വിനയായത്. ഇംഗ്ലണ്ടിന്‍റെ പേസ് ബൗളർമാർ നിറംമങ്ങിയപ്പോൾ പത്ത് ഓവറിൽ 50 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത മോയിൻ അലിയാണ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.

ഇംപാക്ട് താരം ജോഫ്ര ആർച്ചറുടെ മോശം ഫോം ടീമിനു വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ബാറ്റിംഗിനു അനുകൂലമായ പിച്ചായിരുന്നുവെങ്കിലും ഇംഗ്ലണ്ടിന്‍റെ പേര് കേട്ട ബാറ്റിംഗ് നിരയ്ക്ക് മറികടക്കാനാകാത്ത ലക്ഷ്യം നൽകുവാൻ പാക് താരങ്ങൾക്കായി.

പാകിസ്ഥാനായി ഏറെ വിമർശനം കേട്ട വഹാബ് റിയാസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ശദബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇതോടെ 14 റൺസിന്‍റെ വിജയമാണ് സർഫ്രാസും സംഘവും നേടിയത്. വലിയ ലക്ഷ്യമെങ്കിലും ബാറ്റിംഗിനെ ഏറെ തുണയ്ക്കുന്ന പിച്ചിലേക്ക് മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടി ലഭിച്ചു. കളത്തിൽ തൊട്ടതെല്ലാം പിഴച്ച ജേസൺ റോയിക്ക് ബാറ്റ് കൊണ്ടും ഒന്നും ചെയ്യാൻ സാധിച്ചില്ല. പക്ഷേ, ഒരറ്റത്ത് നിലയുറപ്പിച്ച റൂട്ടിന് കൂട്ടായി ജോസ് ബട്‌ലർ വന്നതോടെ കാര്യങ്ങൾ മാറി. തന്‍റെ സ്വതസിദ്ധമായ രീതിയിൽ ബാറ്റ് വീശിയ ബട്‌ലർ പാക് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. 2019 ലോകകപ്പിലെ ആദ്യ സെഞ്ചുറി കുറിച്ചതിന്‍റെ ആഘോഷം ഗാലറിയിൽ തുടരുന്നതിനിടെ റൂട്ട് പുറത്തായത് മത്സരം പാക് വരുതിയിലെത്തിച്ചു. തുടർന്ന് പ്രതീക്ഷയുടെ ഭാരവുമായി ബാറ്റ് ചെയ്ത് ബട്‌ലറും ശതകം കുറിച്ചെങ്കിലും മുഹമ്മദ് അമീറിന് മുന്നിൽ കീഴടങ്ങി. മോയിൻ അലിക്കും ക്രിസ് വോക്‌സിനും ഒന്നും പാക് ശൗര്യത്തിന് മുന്നിൽ മറുപടി ഇല്ലാതായതോടെ മിന്നും വിജയം പാക് പട പേരിലെഴുതി. അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന് വേണ്ടി മികച്ച തുടക്കമാണ് ഇമാം ഉൾ ഹഖും ഫഖർ സമാനും ചേർന്ന് നൽകിയത്. 62 പന്തിൽ നിന്ന് 84 റൺസ് നേടി മുഹമ്മദ് ഹഫീസും 55 റൺസ് നേടിയ സർഫ്രാസുമാണ് പാക് സ്‌കോറിംഗിനു വേഗത നൽകിയത്. ആദ്യ കളിയിൽ വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെട്ട പാകിസ്ഥാന്‍റെ മികച്ച തിരിച്ചുവരവിന് കൂടെ നോട്ടിംഗ്ഹാം സാക്ഷ്യം വഹിച്ചു.