ഏത് സാഹചര്യവും നേരിടാന്‍ സജ്ജം: പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

Jaihind Webdesk
Thursday, August 29, 2019

പാക് നേതാക്കളുടെ പ്രകോപന പ്രസ്താവനകളില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍റെ ഭാഗതത്തുനിന്ന് ഉണ്ടാകുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാകിസ്ഥാന്‍ നടത്തുന്നത്. പാക് നടപടിയെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ വക്താവ് രവീശ് കുമാർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യക്ക് എതിരായ ഭീകരവാദ പ്രവർത്തനം പാകിസ്ഥാൻ ഒരു നയമായി മുന്നോട്ട് കൊണ്ടു പോകുകയാണ്. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പല പ്രസ്താവനകളും നിരുത്തരവാദപരവും തീവ്രവാദ സംഘടനകൾക്ക് ഇന്ത്യക്കുമേൽ ആക്രമണം അഴിച്ചുവിടാൻ പ്രചോദനം ചെയ്യുന്നതാണ് എന്നും ഇന്ത്യൻ വിദേശ കാര്യ വക്താവ് രവീഷ് കുമാർ വിമർശിച്ചു.

ഒരു സാധാരണ അയൽക്കാരനെപ്പോലെ ഇന്ത്യയോട് പെരുമാറാൻ പാകിസ്ഥാന്‍ തയാറാകണം. പാകിസ്ഥാൻ നേവി പരിശീലിപ്പിച്ച തീവ്രവാദികളും കമാന്‍ഡോകളും ഗുജറാത്ത്‌ തീരം വഴി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ ആണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറിന്‍റെ പ്രതികരണം.

ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ പ്രധാന മന്ത്രി നടത്തിയ പ്രസ്താവനകൾ നിരുത്തരവാദപരമായിരുന്നു എന്നും വിദേശ കാര്യ വക്താവ് വിമർശിച്ചു. ജമ്മു-കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന് ഒരിക്കൽ കൂടി അദ്ദേഹം പാകിസ്ഥാനെ ഓർമിപ്പിച്ചു. ഇമ്രാൻ ഖാന്‍റെ പ്രസ്താവനകൾ തീവ്രവാദ സംഘടനകൾക്ക് ഇന്ത്യക്കുമേൽ ആക്രമണം അഴിച്ചുവിടാൻ പ്രചോദനം ചെയ്യുന്നതാണ്. അതിനാൽ ഇനിയും പാകിസ്ഥാന്‍റെ ഭാഗത്തുനിന്ന് ഇതുപോലുള്ള നിരുത്തരവാദപരമായ പ്രസ്താവനകൾ ഉണ്ടായാൽ അതിനെ ഇന്ത്യ ശക്തമായി എതിർക്കുക തന്നെ ചെയ്യും. ഏത് സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.