കശ്മീർ നടപടി; വ്യോമപാത അടച്ച് പാകിസ്ഥാന്‍

Jaihind Webdesk
Thursday, August 8, 2019

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിലൂടെ കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ വ്യോമപാതകളിലൊന്ന് അടച്ച് പാകിസ്ഥാൻ നയം വ്യക്തമാക്കി. പാക് നടപടിയെ തുടർന്ന് പറക്കലിന് 12 മിനിറ്റ് അധികസമയം വേണ്ടിവരും. കശ്മീർ നടപടിക്ക് പിന്നാലെ പാകിസ്ഥാന്‍, ഇന്ത്യന്‍ ഹൈക്കമ്മീഷണർ അജയ് ബിസാരിയയെ പുറത്താക്കുകയും ഇന്ത്യയിലെ പാക് കമ്മീഷണർ സെയ്ദ് ഹൈദർ ഷായെ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.

വ്യോമപാത അടച്ച പാക് നടപടി യാത്രാദൈര്‍ഘ്യം 12 മിനിറ്റ് വൈകിപ്പിക്കുമെങ്കിലും സർവീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. പാക് വ്യോമപാതയിലൂടെ അമ്പതോളം സർവീസുകളാണ് എയർ ഇന്ത്യക്കുള്ളത്. ബലാക്കോട്ട് ആക്രമണത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഈ വ്യോമപാത പൂർണമായും തുറന്നത്.

അതേസമയം ഓഗസ്റ്റ് 16ന് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറായി സ്ഥാനം ഏറ്റെടുക്കാനിരുന്ന മൊയിന്‍ ഉള്‍ ഹഖിനെ ഇന്ത്യയിലേക്ക് അയക്കുന്നില്ലെന്നും പാകിസ്ഥാന്‍ അറിയിച്ചു. കശ്മീരിലെ നടപടി യു.എന്‍ രക്ഷാസമിതിയില്‍ ഉന്നയിക്കാനും തീരുമാനമായി. ഇന്ത്യയുമായുള്ള വ്യാപാരബന്ധം മരവിപ്പിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. നയതന്ത്ര-വ്യാപാര രംഗങ്ങളിലെ നടപടികള്‍ പുനഃപരിശോധിക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണിപ്പോള്‍ പാക് വ്യോമപാതയും അടച്ച് നയം വ്യക്തമാക്കിയത്.