‘വർഗീയത അതിരുകളറിയാത്ത വിനാശകാരിയായ വിഷം ; സ്നേഹം മാത്രമാണ് മറുമരുന്ന്’ : നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, January 4, 2020

പാകിസ്ഥാനിലെ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരേയുണ്ടായ കല്ലേറിനെ അപലപിച്ച് രാഹുല്‍ ഗാന്ധി. അതിരുകളില്ലാത്ത അപകടകാരിയായ വിഷമാണ് വർഗീയതയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. സ്നേഹവും പരസ്പര ബഹുമാനവും മാത്രമാണ് ഇതിന് മറുമരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരേയുണ്ടായ ആക്രമണം തീർത്തും അപലപനീയമാണ്. വർഗീയത എന്നത് അപകടകാരിയായ, അതിരുകളറിയാത്ത, ഉഗ്രവിഷമാണ്. സ്നേഹം, പരസ്പര ബഹുമാനം, പരസ്പരം മനസിലാക്കല്‍ എന്നിവ മാത്രമാണ് ഇതിനുള്ള മറുമരുന്ന്’ – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

 

സിഖ് മതസ്ഥാപകൻ ഗുരു നാനാക്കിന്‍റെ ജന്മസ്ഥലാണ് നങ്കന സാഹിബ്. വെള്ളിയാഴ്ച വൈകിട്ടാണ് ഗുരുദ്വാര വളഞ്ഞ് ജനക്കൂട്ടം കല്ലേറ് നടത്തിയത്. ഇതേത്തുടർന്ന് നിരവധി വിശ്വാസികൾ ഗുരുദ്വാരയിൽ കുടുങ്ങി. സംഭവത്തെ അപലപിച്ച ഇന്ത്യ സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉടൻ ഇടപെടണമെന്നും ഗുരുദ്വാരയ്ക്കുള്ളിൽ കുടുങ്ങിയ വിശ്വാസികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തണമെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരന്ദീർ സിംഗ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടിരുന്നു. ഗുരുദ്വാര സംരക്ഷിക്കണമെന്നും അമരന്ദീർ സിംഗ് ആവശ്യപ്പെട്ടു.