കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Jaihind News Bureau
Tuesday, July 23, 2019

കശ്മീർ വിഷയത്തിൽ അമേരിക്കൻ മധ്യസ്ഥത തേടി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.  വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇമ്രാൻ ആവശ്യം അറിയിച്ചത്.

കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ അമേരിക്കയ്ക്ക് ഇടപെടാൻ കഴിഞ്ഞേക്കുമെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. കശ്മീർ വിഷയം നരേന്ദ്ര മോദി തന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ആ സ്ഥിതിക്ക് വിഷയത്തിൽ മധ്യസ്ഥനാകുന്നതിൽ മോദിക്ക് എതിർപ്പുണ്ടാവില്ലെന്നാണ് താൻ കരുതുന്നതെന്നും ട്രംപ് പറഞ്ഞു.

അഫ്ഗാൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാന്‍റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാൻ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ വൻതോതിൽ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയിൽ പറഞ്ഞു.

ഇരുവരുടെയും കൂടിക്കാഴ്ചയിൽ പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള വ്യാപാരമേഖലയിലെ സഹകരണവും തെക്കേ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും സമാധാനം പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും ചർച്ചയുണ്ടായതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.