ചാവക്കാട് കൊലപാതകത്തിൽ പ്രതികളെ തൊടാതെ പോലീസ്

Jaihind News Bureau
Friday, August 2, 2019

ചാവക്കാട് കൊലപാതകത്തിൽ പ്രതികളെ തൊടാതെ പോലീസ്. രണ്ടുദിവസം പിന്നിട്ടിട്ടും ഒരാളെ പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് ആയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.

അതേസമയം, സംഭവം ആസൂത്രിതമെന്ന് ദൃക്സാക്ഷികളുടെ നിർണ്ണായക വെളിപ്പെടുത്തൽ. നൗഷാദിനെ ഒരാഴ്ചയായി അക്രമിസംഘം പിന്തുടരുന്നതായും പ്രദേശവാസികളായ എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കൾ ഉൾപ്പടെയാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും സംഭവം നേരിൽ കണ്ട സുഹാസും, ഫബീഷും ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

നൗഷാദിന്‍റെ കൊലപാതത്തിന് പിന്നിലെ എസ്.ഡി.പി ഐ ബന്ധത്തിന് പുറമെ സിപിഎമ്മിന്‍റെ ബന്ധവും അന്വേഷിക്കാൻ പോലീസ് തയ്യാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോഴും സിപിഎമ്മും എസ് ഡിപിഐയുമായി രഹസ്യ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കൊല്ലപ്പെട്ട നൗഷാദ് പുന്നയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം.

പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടാൻ പോലീസ് തയ്യാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വധഭീഷണി നിലവിൽ ഉണ്ടായിട്ടും അതേക്കുറിച്ച് അന്വേഷണം നടത്താതിരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ട നൗഷാദ് പുന്നയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.