തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിൽ തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സധ്യതയുണ്ട്. അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്.
കൊല്ലം ജില്ലയില്‍ മണിക്കൂറുകൾ നീണ്ടു നിന്ന കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലാകമാനം വെള്ളം കയറി. നിലമേൽ ടൗണിൽ വ്യാപകമായി വെള്ളം കയറി. കടകൾ ഉൾപ്പെടെ ടൗണിലെ മിക്ക സ്ഥാപനങ്ങളിലും വെള്ളം കയറുകയായിരുന്നു. കനത്ത മഴയിൽ നിലമേലിൽ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ രാത്രി ഇവിടെ വാഹനങ്ങൾ വഴി തിരിച്ച് വിടുകയായിരുന്നു. ഗതാഗതം ഇനിയും പൂർണതോതിൽ ഇവിടെ പുനഃസ്ഥാപിക്കാനായിട്ടില്ല.
ശക്തമായ മഴയിൽ ആലപ്പുഴ നഗരത്തിൽ വീടുകളിൽ വെള്ളം കയറി. വലിയമരം, ചാത്തനാട്, തിരുമല എന്നിവടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്നു പരീക്ഷകള്‍ക്ക് മാറ്റമില്ല.