പ്രണയത്തിന്റെ വിവിധ ഭാവതലങ്ങളുമായി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വീണ്ടും ഒന്നിക്കുന്ന പാൻ-ഇന്ത്യൻ ചിത്രം 'രണബാലി'യിലെ പ്രണയാർദ്ര ഗാനം പുറത്തിറങ്ങി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് ഇരുവരുടെയും വിവാഹത്തിന് പിന്നാലെ സ്‌പെഷ്യൽ സർപ്രൈസ് ഗാനമായി ഇതിന്റെ ടീസർ പുറത്തുവന്നിരുന്നു. ചിത്രത്തിൽ 'സിംഗനമല ബൊബ്ബിലി രണബാലി'യായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ 'ജയമ്മ' എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ഇരുവരുടെയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കുന്നതാണ് ഈ ഗാനം.
അജയ്-അതുൽ സംഗീതം നിർവ്വഹിച്ച ഗാനം തെലുങ്കിൽ 'ഏൻന്തയ്യ സാമി', മലയാളത്തിൽ 'എന്തേ കണ്ണാലേ', തമിഴിൽ 'യേദയ്യ സാമീ', കന്നഡയിൽ 'എനയ്യ സാമി', ഹിന്ദിയിൽ 'ഒ മേരി സാജൻ' എന്നീ പേരുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ പതിപ്പുകളിൽ ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ സിജു തുറവൂരും, തെലുങ്കിൽ രാമജോഗയ്യ ശാസ്ത്രിയും, തമിഴിൽ വിവേകയും, കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുമാണ് വരികൾ കുറിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിൽ ഷിദിജ് പട്‌വർദന്റെ വരികൾക്ക് ശ്വേത മോഹനും ജാവേദ് അലിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിൽ നടന്ന യഥാർത്ഥ ചരിത്ര സംഭവങ്ങളെയും വാമൊഴികളെയും ആസ്പദമാക്കി ഒരുക്കുന്ന ഈ പിരിയോഡിക് ഡ്രാമ ഒരു ബയോപിക് അല്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. 'ദ മമ്മി' സിനിമകളിലൂടെ ശ്രദ്ധേയനായ അന്താരാഷ്ട്ര താരം അർണോൾഡ് വോസ്‌ലൂ 'സർ തിയോഡോർ ഹെക്ടർ' എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ പ്രതിനായക വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി-സീരീസ് എന്നിവരാണ് അവതരിപ്പിക്കുന്നത്. നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ (ക്യാമറ), കാർത്തിക ശ്രീനിവാസ് ആർ (എഡിറ്റിംഗ്), ശിവം റാവു നാഗസൻ (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരാണ് പ്രധാന സാങ്കേതിക പ്രവർത്തകർ. വിജയദശമിയോടനുബന്ധിച്ച് ഒക്ടോബർ 16-ന് ചിത്രം ലോകമെമ്പാടും തിയേറ്ററുകളിലെത്തും.