ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടനും സംവിധായകനും നിര്‍മാതാവുമായ ഗിരി ബാബു (80) അന്തരിച്ചു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദ് കൊണ്ടാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു അന്ത്യം. നടന്‍ ചിരഞ്ജീവി, സംവിധായകന്‍ അനില്‍ രവിപുഡി, ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തില്‍ 600-ലധികം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യകഥാപാത്രങ്ങളിലും സ്വഭാവവേഷങ്ങളിലും ഗിരി ബാബു ഒരുപോലെ തിളങ്ങി. അഭിനയത്തിന് പുറമെ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും നാല് സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള രവിനുതല ഗ്രാമത്തിലാണ് ജനനം. യെറ ശേഷഗിരി റാവു എന്നാണ് യഥാര്‍ഥ പേര്. ചെറുപ്പം മുതല്‍ക്കേ നാടകങ്ങളിലും അഭിനയത്തിലും താല്പര്യം കാണിച്ചിരുന്ന അദ്ദേഹം 1973-ല്‍ പുറത്തിറങ്ങിയ 'ജഗമേ മായ' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടക്കത്തില്‍ നായകവേഷങ്ങള്‍ ചെയ്ത അദ്ദേഹം പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെയും സ്വഭാവവേഷങ്ങളിലൂടെയും പ്രേക്ഷകപ്രീതി നേടി.
1977-ല്‍ പുറത്തിറങ്ങിയ പുരാണ ചിത്രമായ 'കുരുക്ഷേത്ര'യിലെ ദുശ്ശാസന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ജ്യോതി', 'പസിവാടി പ്രാണം', 'ഹലോ ബ്രദര്‍', 'സിസിന്ദ്രി', 'ലിറ്റില്‍ സോള്‍ജിയേഴ്സ്', 'നിന്നേ പെള്ളാഡത്ത' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍. 'ഗമ്യം', 'ഗീത ഗോവിന്ദം', 'ജാതി രത്നാലു', 'മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പുതുതലമുറ താരങ്ങള്‍ക്കൊപ്പവും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
'രണരംഗം', 'ഇന്ദ്രജിത്ത്', 'നീ സുഖമേ നേ കോരുതുന്ന' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം 'ദേവതലാറ ദീവിഞ്ചണ്ടി', 'മെരുപു ദാഡി' എന്നീ ചിത്രങ്ങളുടെ നിര്‍മാണത്തിലും പങ്കാളിയായി. ഭാര്യ ശ്രീദേവി 2016-ല്‍ അന്തരിച്ചു. രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. മൂത്ത മകന്‍ രഘു ബാബു തെലുങ്ക് സിനിമയിലെ പ്രശസ്ത ഹാസ്യനടനും സ്വഭാവനടനുമാണ്. ഇളയ മകന്‍ ബോസ് ബാബുവും സിനിമാമേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
600-ലധികം ചിത്രങ്ങൾ, വില്ലനായും ഹാസ്യനടനായും തിളങ്ങിയ കലാകാരൻ; തെലുങ്ക് നടൻ ഗിരി ബാബു അന്തരിച്ചു