പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാർ റോക്‌സിന്റെ അപ്‌ഡേറ്റഡ് വേർഷൻ ഉടൻ വിപണിയിലെത്തും. ഇതിന് മുന്നോടിയായി വാഹനം നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്ന് ഡോറുകളുള്ള നിലവിലെ ഥാർ (OG) മോഡലിന് നൽകിയിട്ടുള്ളതിന് സമാനമായ പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ ഈ അഞ്ച് ഡോർ എസ്.യു.വിയിലും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകൽപ്പനയിൽ വലിയ മാറ്റങ്ങളില്ലെങ്കിലും അലോയ് വീലുകളിൽ പുതിയ ഡിസൈൻ നൽകിയിട്ടുണ്ട്. കാഴ്ചയിൽ നിലവിലുള്ള മൂന്ന് ഡോർ ഥാറിലെ അലോയ് വീലുകൾക്ക് സമാനമായ രൂപമാണ് ഇതിനുമുള്ളത്. എന്നാൽ യന്ത്രഭാഗങ്ങളിലാണ് (Mechanical) ഏറ്റവും പ്രധാനപ്പെട്ട മാറ്റം വരുത്തിയിരിക്കുന്നത്. മെച്ചപ്പെട്ട യാത്രാസുഖവും സ്റ്റെബിലിറ്റിയും ഉറപ്പുനൽകുന്ന 'ഡാവിഞ്ചി' സസ്‌പെൻഷൻ സംവിധാനത്തോടെയാണ് (DaVinci Suspension) പുതിയ ഥാർ റോക്‌സ് വരുന്നത്. ഇതിനൊപ്പം ഫ്രീക്വൻസി ഡിപെൻഡന്റ് ഡാംപിങ് (FDD) സാങ്കേതികവിദ്യയും ലഭ്യമാക്കിയിട്ടുണ്ട്. നിലവിലെ റോക്‌സിലുള്ള ഇലക്ട്രോണിക് റിയർ ആക്‌സിൽ ഡിഫറൻഷ്യൽ ലോക്ക് സംവിധാനം മാറ്റമില്ലാതെ പുതിയ പതിപ്പിലും തുടരാനാണ് സാധ്യത.
രണ്ട് കരുത്തുറ്റ പവർട്രെയിൻ ഓപ്ഷനുകളോടെയായിരിക്കും ഥാർ റോക്‌സിന്റെ അപ്‌ഡേറ്റ് വേർഷൻ പുറത്തിറങ്ങുക. നിലവിലുള്ള റോക്‌സിന് സമാനമായി 2.0/2.2 ലിറ്റർ ടർബോ പെട്രോൾ RWD എഞ്ചിനും 2.2 ലിറ്റർ ഡീസൽ RWD/4WD എഞ്ചിനുകളുമായിരിക്കും വാഹനം ഉപയോഗിക്കുക.
ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയിൽ മാറ്റങ്ങൾ വന്നേക്കാം. കൂടാതെ പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെവൽ-2 അഡാസ് (ADAS) തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും വാഹനത്തിൽ തുടരുമെന്നാണ് വിവരങ്ങൾ നൽകുന്നത്.