ടോം ഹോളണ്ട് നായകനായെത്തിയ മാർവൽ സൂപ്പർഹീറോ ചിത്രം ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ വീണ്ടും തിയറ്ററുകളിലെത്തുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ പത്ത് മിനിറ്റോളം ദൈർഘ്യമുള്ള അധിക ദൃശ്യങ്ങൾ (Extended Footage) ഉൾപ്പെടുത്തിയായിരിക്കും റീ റിലീസ് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഡിസംബർ നാലിന് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുമെന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പ്രമുഖ സിനിമാ പോർട്ടലായ ‘ലെറ്റ്സ് സിനിമ’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പ്രമുഖ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിൽ ചിത്രത്തിന്റെ റീ റിലീസുമായി ബന്ധപ്പെട്ട ലിസ്റ്റിങ് പ്രത്യക്ഷപ്പെടുകയും പിന്നീട് ഇത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് അധിക ദൃശ്യങ്ങളുമായി ചിത്രം വീണ്ടും പ്രദർശനത്തിനെത്തുമെന്ന വാർത്തകൾ ആരാധകർക്കിടയിൽ സജീവമായത്.
ഡിസംബർ 18ന് ആഗോളതലത്തിലും ഡിസംബർ 17ന് ഇന്ത്യയിലും റിലീസ് ചെയ്യാനിരിക്കുന്ന മാർവലിന്റെ ബിഗ് ബജറ്റ് ചിത്രം ‘അവഞ്ചേഴ്സ്: ഡൂംസ്‌ഡേ’യ്ക്ക് (Avengers: Doomsday) മുന്നോടിയായാണ് സ്പൈഡർ മാന്റെ റീ റിലീസ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് വിവരം. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ പുതിയ ചിത്രത്തിനായുള്ള ആരാധകരുടെ ആവേശം ഇരട്ടിയാക്കാൻ ഈ റീ റിലീസ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പൈഡർമാൻ ചിത്രവും 'ഡൂംസ്‌ഡേ'യും തമ്മിൽ ബന്ധമുണ്ടോ എന്ന ചർച്ചകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.
2026 ജൂലൈ 31നായിരുന്നു ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ തിയറ്ററുകളിലെത്തിയത്. ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഡോക്ടർ സ്ട്രേഞ്ചിന്റെ മന്ത്രവാദത്തെത്തുടർന്ന് ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്നുപോകുന്നിടത്താണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. എംജെയിൽ നിന്നും നെഡിൽ നിന്നും അകന്നുനിന്ന് ന്യൂയോർക്ക് നഗരത്തിന്റെ സംരക്ഷണത്തിനായി സ്പൈഡർ മാനായി തുടരുന്ന പീറ്ററിന്റെ ജീവിതത്തിലേക്ക് പുതിയ വെല്ലുവിളികൾ കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
സെൻഡയ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെന്തൽ, ഫ്ലോറൻസ് പ്യൂ, മാരിസ ടോമി, മാർക്ക് റഫലോ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പത്ത് മിനിറ്റ് അധിക ദൃശ്യങ്ങളുമായി ചിത്രം വീണ്ടും എത്തുന്നുവെന്ന വാർത്ത സിനിമാപ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.
ടോം ഹോളണ്ട് ചിത്രം ‘സ്പൈഡർ മാൻ: ബ്രാൻഡ് ന്യൂ ഡേ’ വീണ്ടും തിയറ്ററുകളിലേക്ക്; പത്ത് മിനിറ്റ് അധിക ദൃശ്യങ്ങളുണ്ടാകുമെന്ന് റിപ്പോർട്ട്