മുന്‍ എം.എല്‍.എ ടി.ഐ. മധുസൂദനന്‍ പയ്യന്നൂരില്‍ നടത്തിയ പൊതുയോഗത്തിലെ പ്രസംഗത്തിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്.
പ്രസംഗത്തില്‍ കലാപാഹ്വാനവും കൊലവിളിയും ഉണ്ടെന്നും, നിയമം കയ്യിലെടുക്കുമെന്നും നീതിന്യായ വ്യവസ്ഥയെയും വിധി പറഞ്ഞ ജഡ്ജിയെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട കോടതി വിധിക്ക് പിന്നാലെ ഡി.വൈ.എഫ്.ഐ പയ്യന്നൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ചീമേനി കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടിട്ടും പിന്നീട് ആരും ജീവനോടെ ഉണ്ടായിട്ടില്ലെന്ന പരാമര്‍ശം, 'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞുതന്നെ തീര്‍ക്കും', 'തെരുവിലിറങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും' തുടങ്ങിയ വെല്ലുവിളികള്‍, വിധി പറഞ്ഞ ജഡ്ജിയെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്ത പരാമര്‍ശങ്ങള്‍, വിമര്‍ശിക്കുന്നവരുടെയും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നവരുടെയും വീടുകളിലേക്ക് വരാന്‍ മടിയില്ലെന്ന പ്രസ്താവന എന്നിവ ഗുരുതരമായ നിയമലംഘനങ്ങളാണെന്ന് പരാതിയില്‍ പറയുന്നു.
പ്രസംഗത്തിന്റെ പൂര്‍ണ്ണമായ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്, കലാപാഹ്വാനം, വധഭീഷണി, നീതിന്യായ വ്യവസ്ഥയെ അവഹേളിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉചിതമായ വകുപ്പുകള്‍ ചുമത്തി അടിയന്തരമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും ജില്ലയിലെയും സംസ്ഥാനത്തെയും ക്രമസമാധാനവും പൊതുജന സുരക്ഷയും ഉറപ്പുവരുത്തണമെന്നും മുഹമ്മദ് ഷമ്മാസ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊലവിളി പ്രസംഗം: ടി.ഐ മധുസൂദനനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി പി. മുഹമ്മദ് ഷമ്മാസ്