ന്യൂഡൽഹി: തുടർച്ചയായി എട്ടുവർഷം ഒന്നാം സ്ഥാനം നിലനിർത്തിയിരുന്ന ഇൻഡോറിനെ പിന്തള്ളി, മഹാരാഷ്ട്രയിലെ നവി മുംബൈ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രസർക്കാരിന്റെ 2025-26 ശുചിത്വ സർവേയിലാണ് (സ്വച്ഛ് സർവേക്ഷൻ) നവി മുംബൈ ഒന്നാമതെത്തിയത്. ഗുജറാത്തിലെ സൂറത്ത് രണ്ടാം സ്ഥാനവും ആന്ധ്രാപ്രദേശിലെ വിജയവാഡ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും വൃത്തിയുള്ള തീരദേശ നഗരങ്ങളുടെ വിഭാഗത്തിൽ ഒഡിഷയിലെ പുരി ഒന്നാമതെത്തിയപ്പോൾ, കേരളത്തിലെ ആലപ്പുഴ രണ്ടാം സ്ഥാനം നേടി അഭിമാനമായി.
മധ്യപ്രദേശിലെ രേവയാണ് ഏറ്റവും വൃത്തിയുള്ള നദീതീര നഗരം. ഹിമാലയൻ മേഖലയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഉത്തരാഖണ്ഡിലെ റുദ്രാപുരും തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി ആരംഭിച്ച 'സ്വച്ഛ് ഷഹർ ജോഡി' പദ്ധതിയുടെ ഭാഗമായ മെന്റർ സിറ്റി വിഭാഗത്തിൽ അഹമ്മദാബാദും സനന്ദും ഒന്നാം സ്ഥാനം പങ്കിട്ടു. രാജ്യത്തെ 4,700-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് സർവേയിൽ പങ്കെടുത്തത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
പരിശീലനം ലഭിച്ച 3,000-ത്തിലധികം ഉദ്യോഗസ്ഥർ ജിപിഎസ് (GPS) സംവിധാനത്തിന്റെ സഹായത്തോടെ നേരിട്ടെത്തിയാണ് നഗരങ്ങളിലെ ശുചിത്വനിലവാരം വിലയിരുത്തിയതെന്ന് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം അറിയിച്ചു. എല്ലാ നടപടികളും പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയായിരുന്നു. 'ശുചിത്വത്തിന് പുതിയ തുടക്കം; കൈകോർക്കാം, ഒരുമിച്ച് ശുചീകരിക്കാം' എന്നതായിരുന്നു ഈ വർഷത്തെ സർവേയുടെ പ്രമേയം.
മുൻവർഷത്തെ (2024-25) സർവേയുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തെ നഗരങ്ങളിൽ ശുചിത്വപ്രവർത്തനങ്ങളിൽ വലിയ പുരോഗതിയുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി. വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം 52 ശതമാനത്തിൽ നിന്നും 74 ശതമാനമായും, ഉറവിടത്തിൽത്തന്നെ മാലിന്യം വേർതിരിക്കുന്നത് 16 ശതമാനത്തിൽ നിന്നും 30 ശതമാനമായും വർധിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന നഗരങ്ങളുടെ പിന്തുണ ലഭിച്ചതിലൂടെ പിന്നിലായിരുന്ന പല നഗരങ്ങൾക്കും ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സാധിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാജ്യത്തെ ശുചിത്വ നഗരങ്ങളുടെ പട്ടിക പുറത്ത്: നവി മുംബൈയ്ക്ക് ഒന്നാം സ്ഥാനം, കേരളത്തിന് അഭിമാനമായി ആലപ്പുഴ