Logo
Thu, Aug 06, 2026 • 03:15 PM
LIVE TV
Watch

No business videos available

No Middle East videos available

ജാഗ്രതൈ! വണ്ടികള്‍ക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പമ്പുകളിൽ നിന്ന് ഇന്ധനമില്ലെന്ന് സുപ്രീംകോടതി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 06, 2026
1 min read
SHARE:
SAVE: Login to save

ജാഗ്രതൈ! വണ്ടികള്‍ക്ക് ഇൻഷുറൻസ് ഇല്ലെങ്കിൽ ഇനി പമ്പുകളിൽ നിന്ന് ഇന്ധനമില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്ത് ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാനും വാഹനാപകടങ്ങളിൽ ഇരയാകുന്നവർക്ക് നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനും നിർണ്ണായക നിർദേശങ്ങളുമായി സുപ്രീംകോടതി. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുതെന്ന നിർദേശമാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈ നിർദേശം തള്ളിക്കളഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യം പ്രായോഗികമാക്കുന്നതിനെ കുറിച്ച് പരിശോധിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കൃത്യമായി കണ്ടെത്തി വേഗത്തിൽ പിഴയീടാക്കാൻ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളെ ഇൻഷുറൻസ് ഡാറ്റാബേസുമായി ബന്ധിപ്പിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിനുപുറമേ, റോഡിൽ പരിശോധന നടത്തുന്ന ട്രാഫിക് പൊലീസുകാർക്ക് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ തത്സമയം പരിശോധിക്കാനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നൽകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

ഇന്ത്യയിലെ നിരത്തുകളിൽ ഓടുന്ന ഏകദേശം 56 ശതമാനം വാഹനങ്ങൾക്കും നിലവിൽ ഇൻഷുറൻസ് ഇല്ലെന്ന ഞെട്ടിക്കുന്ന കണക്ക് സുപ്രീംകോടതി എടുത്തുപറഞ്ഞു. ഈ സാഹചര്യം നിർബന്ധിത മോട്ടോർ ഇൻഷുറൻസ് എന്ന നിയമപരമായ ഉദ്ദേശ്യത്തെ തന്നെ തകരാറിലാക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി. അപകടത്തിൽപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നതിനും ഇത് കാരണമാകുന്നുണ്ട്.

വാഹന ഉടമകൾ കൃത്യസമയത്ത് തേർഡ് പാർട്ടി ഇൻഷുറൻസ് പുതുക്കാൻ മടിക്കുന്ന പശ്ചാത്തലത്തിൽ, പുതിയ വാഹനങ്ങളുടെ ഇൻഷുറൻസ് കാലാവധി ഉയർത്താൻ ഐ.ആർ.ഡി.എ.ക്ക് കോടതി നിർദേശം നൽകി. സ്വകാര്യ കാറുകളുടെ ഇൻഷുറൻസ് കാലാവധി മൂന്നിൽ നിന്ന് നാല് വർഷമായും, പുതിയ ഇരുചക്ര വാഹനങ്ങളുടേത് അഞ്ചിൽ നിന്ന് ആറ് വർഷമായും ഉയർത്താനാണ് നിർദേശം. ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകാൻ ഐ.ആർ.ഡി.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10