ജനപ്രിയ സെഡാനായ സ്ലാവിയയുടെ വില വർധിപ്പിച്ച് സ്കോഡ. തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് 19,000 രൂപ വരെയാണ് കമ്പനി കൂട്ടിയത്. പുതിയ വില പരിഷ്കരണത്തോടെ സ്ലാവിയയുടെ എക്സ്-ഷോറൂം നിരക്കുകൾ ഇപ്പോൾ 10 ലക്ഷം രൂപ മുതൽ 18.29 ലക്ഷം രൂപ വരെയായി ഉയർന്നു. 1.0 മാനുവൽ, ഓട്ടോമാറ്റിക് സ്‌പോർട്‌സ്‌ലൈൻ വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ (19,000 രൂപ) വില വർധിച്ചത്. കൂടാതെ പ്രസ്റ്റീജ്, സിഗ്നേച്ചർ, മോണ്ടെ കാർലോ വേരിയന്റുകൾക്ക് 10,000 രൂപ മുതൽ 15,000 രൂപ വരെയും കൂടിയിട്ടുണ്ട്.
വാഹനത്തിന്റെ പുതുക്കിയ ഫേസ്‌ലിഫ്റ്റ് പതിപ്പ് വിപണിയിൽ എത്തുന്നതിന് മുന്നോടിയായാണ് ഈ വില വർധന. പുതിയ ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, അലോയ് വീലുകൾ, മുൻ-പിൻ ഡിസൈൻ മാറ്റങ്ങൾ എന്നിവയോടെയാകും പുതിയ സ്ലാവിയ എത്തുക. അകത്തളത്തിൽ 12.3 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേഷനും ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റുമുള്ള മുൻ സീറ്റുകൾ, പിൻ സീറ്റുകളിൽ മസാജ് ഫംഗ്ഷൻ എന്നിവ ഉൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ഉൾപ്പെടുത്തിയേക്കും. നിലവിലുള്ള 1.15 ബിഎച്ച്പി കരുത്തുള്ള 1.0 ലിറ്റർ, 150 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റർ ടിഎസ്ഐ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനുകൾ തന്നെയാകും പുതിയ മോഡലിലും തുടരുക.
അതേസമയം, സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ സൂപ്പർബിന്റെ 2.0 ലിറ്റർ ഡീസൽ പതിപ്പ് അടുത്ത വർഷം ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് സൂചന. 150 ബിഎച്ച്പി കരുത്തും 360 എൻഎം ടോർക്കും നൽകുന്ന ഈ ഡീസൽ എൻജിനൊപ്പം 7 സ്പീഡ് ഡിഎസ്ജി ഗിയർബോക്സാകും നൽകുക. മണിക്കൂറിൽ 222 കിലോമീറ്റർ പരമാവധി വേഗതയുള്ള വാഹനം പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 9.3 സെക്കൻഡ് മാത്രം മതിയാകും.