പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന "സിദ്ധു" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആകാംക്ഷയും ആശങ്കയും നിറഞ്ഞ അന്തരീക്ഷമൊരുക്കുന്ന ഈ ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ജാഫർ ഇടുക്കി അവതരിപ്പിക്കുന്നത്. ജസ്റ്റിസ് പഞ്ചാപകേശൻ ജഡ്ജിയുടെ വേഷത്തിൽ തന്നെ അഭിനയിക്കുന്നു എന്ന അപൂർവ്വ സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
വലിയൊരു താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തിൽ ബാലതാരം ഷിയാരാ ഫാത്തിമ, ഹോളിവുഡ് താരം സിറിയക് ആലഞ്ചേരി, ജോയ് മാത്യു, ജാഫർ ഇടുക്കി, ബാലാജി ശർമ്മ, അരിസ്റ്റോ സുരേഷ്, സാബു തിരുവല്ല, ദിലീപ് ഖാൻ, ഷൈൻ അനിരുദ്ധൻ, ഡോക്ടർ രജിത്കുമാർ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അബിൻ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അബിൻ, റീന പട്ടം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിറിയക് ആലഞ്ചേരി (ആലഞ്ചേരി സിനിമാസ്) ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.
സാങ്കേതിക മികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനന്ദ് സതീശനാണ് നിർവഹിക്കുന്നത്. വിജു ശങ്കർ എഴുതിയ വരികൾക്ക് സാനന്ദ് ജോർജ്, ഡി. ശിവപ്രസാദ് എന്നിവർ സംഗീതം പകരുന്നു. അനൂപ് രാജ് എഡിറ്റിംഗും എമിൽ മുഹമ്മദ് പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ - ജയൻ മാസ്സ്, മേക്കപ്പ് - അനിൽ നേമം, വസ്ത്രാലങ്കാരം - ഷിബു പരമേശ്വരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജൻ കല്ലായി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. എ. എസ്. ദിനേശ്, മനു ശിവൻ എന്നിവരാണ് ചിത്രത്തിന്റെ പി.ആർ.ഒ.
ത്രില്ലർ അനുഭവവുമായി 'സിദ്ധു'; ട്രെയിലർ റിലീസായി! ശ്രദ്ധനേടി ബാലതാരം ആദി കേശവ