തിരുവനന്തപുരം: പ്രശസ്ത കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം ക്ഷേത്രമുറ്റത്ത് നിന്നുള്ള ചിത്രം പ്രഗതി ഷെട്ടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും, പിന്നീട് ഋഷഭ് ഷെട്ടി അത് റീ-ഷെയര്‍ ചെയ്യുകയും ചെയ്തു.
ക്ഷേത്രദര്‍ശനത്തിന് പിന്നാലെ ഇരുവരും സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'കാന്താര'യിലൂടെ സിനിമാസ്വാദകരെ ഒന്നടങ്കം വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടിയെയും ഭാര്യ പ്രഗതിയെയും കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
നേരത്തെ, നടന്‍ ജയസൂര്യക്കൊപ്പം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും ഇരുവരും ദര്‍ശനം നടത്തിയിരുന്നു. പ്രഗതി ഷെട്ടി കുടുംബസമേതം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതിയും; മന്ത്രി പി.സി. വിഷ്ണുനാഥുമായി കൂടിക്കാഴ്ച