ഇന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതീഷ് തിവാരിയുടെ ബിഗ് ബജറ്റ് ചിത്രം ‘രാമായണം പാർട്ട് 1’-ന്റെ ട്രെയിലർ പുറത്തിറങ്ങി. രൺബീർ കപൂർ ശ്രീരാമനായും, സായ് പല്ലവി സീതയായും, യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലായാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ആഗോള നിലവാരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വിസ്മയിപ്പിക്കുന്ന ദൃശ്യാവിഷ്കാരവുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. പ്രത്യേകിച്ച് രാവണനായി എത്തുന്ന യാഷിന്റെ ശക്തമായ സ്‌ക്രീൻ പ്രസൻസും മാസ് അവതരണവും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
ചിത്രം നിർമിക്കുന്നത് നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ പ്രമുഖ വി.എഫ്.എക്സ് സ്റ്റുഡിയോ DNEG, യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവ ചേർന്നാണ്. ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണാവകാശം സോണി പിക്ചേഴ്സ് ഏറ്റെടുത്തിരിക്കുമ്പോൾ, ഉത്തരേന്ത്യൻ വിതരണ ചുമതല ധർമ്മ പ്രൊഡക്ഷൻസ് വഹിക്കും.
രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളികളുടെ പ്രിയതാരം ശോഭന കൈകേയിയായി എത്തുന്നു എന്നതാണ് മലയാളി പ്രേക്ഷകരുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ടെലിവിഷനിലെ പ്രശസ്ത രാമായണം പരമ്പരയിൽ ശ്രീരാമനായി അഭിനയിച്ച് ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവിന്റെ വേഷത്തിൽ തിരിച്ചെത്തുന്നു.
ലക്ഷ്മണനായി രവി ദുബെ, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവ്, ഇന്ദ്രദേവനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം സംഗീതമാണ്. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒരു ഇന്ത്യൻ ചിത്രത്തിനായി ഒരുമിക്കുന്നതാണ് പ്രത്യേകത. തിരക്കഥ ഒരുക്കുന്നത് ഓസ്കാർ ജേതാവായ ശ്രീധർ രാഘവൻ ആണ്. ചിത്രത്തിലെ ദൃശ്യവിസ്മയങ്ങൾക്ക് പിന്നിൽ എട്ട് തവണ അക്കാദമി അവാർഡ് നേടിയ DNEG ടീമാണുള്ളത്.
ദംഗൽ ഉൾപ്പെടെ ആഗോള ശ്രദ്ധ നേടിയ ചിത്രങ്ങളുടെ സംവിധായകനായ നിതീഷ് തിവാരിയാണ് ഈ മഹാപ്രോജക്ട് ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന രാമായണം പരമ്പരയിലെ ആദ്യ ഭാഗം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയതും സാങ്കേതിക മികവേറിയതുമായ ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രത്തെക്കുറിച്ച് നേരത്തെ പ്രതികരിച്ച നിർമ്മാതാവ് നമിത് മൽഹോത്ര പറഞ്ഞത്, "രാമായണം ഒരു കഥ മാത്രമല്ല; അത് നമ്മുടെ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ഭാഗമാണ്. ഈ മഹത്തായ ഇതിഹാസം അതിന്റെ പൂർണ ഭംഗിയോടും അന്തസ്സോടും കൂടി ലോകത്തിന് മുന്നിലെത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം" എന്നായിരുന്നു.
‘രാമായണം പാർട്ട് 1’ ട്രെയിലർ പുറത്ത്; രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവരുടെ ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം