ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം സംഘടിപ്പിച്ച സുപ്രീം കോടതി മാർച്ചിൽ പങ്കെടുത്ത ലക്ഷക്കണക്കിന് പ്രവർത്തകർക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് രാഹുൽ നന്ദി പ്രകാശിപ്പിച്ചതും കേന്ദ്ര സർക്കാരിനും ആർ.എസ്.എസിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചതും.
"ഇന്ത്യയിലെ ജനങ്ങളെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് സർക്കാരിന് കാണിച്ചുകൊടുക്കേണ്ടിയിരുന്നതിനാൽ ഇന്നൊരു വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ഞങ്ങളെ തല്ലാനോ ഭീഷണിപ്പെടുത്താനോ പേടിപ്പിക്കാനോ നിങ്ങൾക്ക് കഴിയില്ല. ഉപദ്രവിക്കുന്നത് ഞങ്ങൾ അംഗീകരിക്കില്ല," രാഹുൽ വ്യക്തമാക്കി. പ്രതിഷേധത്തിനിടെ കുട്ടികളെ മർദ്ദിച്ച ആർ.എസ്.എസിലെ ഭീരുക്കൾ എവിടെപ്പോയെന്നും തങ്ങൾ സുപ്രീം കോടതിക്ക് മുന്നിൽ നിന്നപ്പോൾ അവർ എന്തുകൊണ്ട് പുറത്തുവന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്നും തങ്ങൾ ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം 4.32-ഓടെ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ച ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിൽ വൻ ജനാവലി കോടതി പരിസരത്തേക്ക് മാർച്ച് നടത്തിയത്. വൈകുന്നേരം ആറുമണിയോടെ മാർച്ച് സമാധാനപരമായി സമാപിച്ചിരുന്നു.