ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് പേരുകൾ ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിലെ വിവരങ്ങൾ പുറത്ത്. രാജ്യത്ത് നടക്കുന്ന എസ്.ഐ.ആർ (SIR) പ്രക്രിയ നിർത്തിവെക്കണമെന്നും അപാകത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും അടക്കം പ്രധാനപ്പെട്ട 10 ആവശ്യങ്ങളാണ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഹർജിയിലെ 10 പ്രധാന ആവശ്യങ്ങൾ:
വിവാദമായ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗവിവരങ്ങളും ഡിജിറ്റൽ ലോഗുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിക്കണം.
വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പൂർണ്ണമായും നിയമപരമാണോ എന്ന് സുപ്രീം കോടതി നേരിട്ട് പരിശോധിക്കണം.
വോട്ടർപട്ടിക തയാറാക്കുന്നതിൽ അപാകത വരുത്തുകയും ക്രമക്കേടുകൾ കാട്ടുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ നൽകിയ പരാതികളിൽ നിയമപരമായ തീർപ്പ് ഉറപ്പാക്കണം.
വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോം നിയമപ്രകാരമുള്ള ചട്ടങ്ങൾക്ക് അനുസൃതമായി മാറ്റണം.
വോട്ടർമാരെ ഒഴിവാക്കിയതിനെക്കുറിച്ചും ഇ.വി.എം (EVM) സാങ്കേതികവിദ്യയെക്കുറിച്ചും വിശദമായി പഠിക്കാൻ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണം.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരും അതിനുള്ള കാരണവും ബൂത്ത് അടിസ്ഥാനത്തിൽ പരസ്യപ്പെടുത്തുകയും, അർഹരായവരെ വീണ്ടും ഉൾപ്പെടുത്താൻ സംവിധാനം ഉണ്ടാക്കുകയും വേണം.
കൃത്യമായ നോട്ടിസും കേൾക്കാനുള്ള അവസരവും നൽകാതെ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കരുത്. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ട് ചേർക്കാൻ കട്ട് ഓഫ് തീയതി വരെ അനുമതി നൽകണം.
ഈ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ രാജ്യത്തുടനീളം നടക്കുന്ന എസ്.ഐ.ആർ പ്രക്രിയ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണം.
കേസിന്റെ വസ്തുതകൾ കണക്കിലെടുത്ത് അടിയന്തര ഉത്തരവുകളോ അധിക നിർദേശങ്ങളോ പുറപ്പെടുവിക്കാൻ സുപ്രീം കോടതി ഉചിതമായ നടപടികൾ സ്വീകരിക്കണം.