ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന നിർണായക വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഗ്യാനേഷ് കുമാർ താനുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ സന്ദേശങ്ങൾ വരുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
'മാപ്പുസാക്ഷിയാകൂ... നിങ്ങൾ ഒരു കുറ്റം ചെയ്തു, എന്നാൽ ഈ കുറ്റകൃത്യത്തിലെ പ്രധാന കുറ്റവാളി നിങ്ങളല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അജിത് ഡോവലുമാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾക്ക് അറിയാം. എത്രത്തോളം സമ്മർദ്ദം നിങ്ങൾക്കുണ്ടെന്നതും ഞങ്ങൾക്കറിയാം. രാജിവെച്ച് പുറത്തുപോകൂ, നിങ്ങളോട് ക്ഷമിക്കുന്നതിനെക്കുറിച്ച് പോലും ഞങ്ങൾ ആലോചിക്കാം' - രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ ഭരണഘടനയെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടയിൽ, മോദി സർക്കാരിലെ നിരവധി ഉദ്യോഗസ്ഥർ താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന മറ്റൊരു വലിയ വെളിപ്പെടുത്തലും രാഹുൽ നടത്തി. ഇ.ഡി (ED), സി.ബി.ഐ (CBI), വിദേശകാര്യ മന്ത്രാലയം എന്നിവരുൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്നുള്ള ഇരുനൂറോളം സർക്കാർ ഉദ്യോഗസ്ഥർ പ്രതിപക്ഷവുമായി വിവരങ്ങൾ പങ്കുവെക്കുന്നുണ്ടെന്നും, സത്യം തങ്ങളുടെ ഭാഗത്താണെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.