പത്തനംതിട്ട: പത്തനംതിട്ടയില്‍ വീണ്ടും ഞെട്ടിക്കുന്ന പോക്‌സോ കേസ് റിപ്പോര്‍ട്ട് ചെയ്തു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വാടക കെട്ടിടത്തിന്റെ ഉടമയും, ഇതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനുമാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. കേസിലെ മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ അറസ്റ്റുകള്‍ ഉടനുണ്ടാകുമെന്നാണ് സൂചന.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുട്ടി സ്വന്തം അച്ഛനില്‍ നിന്ന് ആദ്യമായി ലൈംഗിക അതിക്രമം നേരിടുന്നത്. അച്ഛന്‍ നിലവില്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സഹപാഠികളോടാണ് പെണ്‍കുട്ടി താന്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. വിവരം അറിഞ്ഞ സഹപാഠികള്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇടപെടുകയും സംഭവം പൊലീസിനെ അറിയിക്കുകയുമായിരുന്നു.
ആകെ ഏഴ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലയാലപ്പുഴ പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. ഇതിലൊരു കേസ് പെരുനാട് പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി.