തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂറിനെ രാഷ്ട്രപതി ദ്രൗപദി മുർമു നിയമിച്ചു. നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അദ്ദേഹത്തെ കേരള രാജ്ഭവന്റെ അമരത്തേക്ക് മാറ്റുകയായിരുന്നു. കേരള ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ തമിഴ്‌നാട് ഗവർണറായും നിയമിച്ചിട്ടുണ്ട്.
രാഷ്ട്രപതി ഭവനിൽ നിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ അറിയിച്ചത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽ വരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് വ്യക്തമാക്കി. മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാംഗവുമാണ് ഓം പ്രകാശ് മാത്തൂർ.
കേരളത്തിന് പുറമെ മറ്റ് പല സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചിട്ടുണ്ട്. കർണാടകയിൽ ഡോ. സുധാ യാദവ്, ഒഡീഷയിൽ ബ്രജ് മോഹൻ റാം, ഉത്തരാഖണ്ഡിൽ ഡോ. ധാൽ സിംഗ് ബിസെൻ, സിക്കിമിൽ ദുഷ്യന്ത് ഗൗതം എന്നിവരാണ് പുതിയ ഗവർണർമാർ.