കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ സർക്കാർ നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്. അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏറെ അടുപ്പമുള്ള കുടുംബമാണ് ദേവികയുടേത്. പ്രതിയെ സഹായിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും, നിയമപരമായ എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ അപകടത്തിൽപ്പെട്ട കർണാടക സ്വദേശി ഇയാസിന്റെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും അവർക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കാൻ കർണാടക മന്ത്രിയുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മിനി കൂപ്പർ അപകടത്തിലെ മുഖ്യപ്രതി സുഹൈലുമായി പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. അപകടം നടന്ന എയർപോർട്ട് റോഡിലും, പ്രതികൾ അപകടത്തിന് മുൻപ് മദ്യപിച്ച ബാറുകളിലുമാണ് തെളിവെടുപ്പ് നടന്നത്. ആദ്യം ആളുകളെ ഇടിച്ചുതെറിപ്പിച്ച എയർപോർട്ട് റോഡിലേക്കാണ് സുഹൈലിനെ എത്തിച്ചത്. എന്നാൽ ജനങ്ങൾ തടിച്ചുകൂടിയതിനെ തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കിയില്ല. അപകടമുണ്ടായ സ്ഥലവും പിന്നീട് വാഹനം നിർത്തിയ ഭാഗവും സുഹൈൽ അന്വേഷണ സംഘത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്തു.
തുടർന്ന് നെടുമ്പാശ്ശേരിയിലെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ഇത് ഏറെനേരം നീണ്ടുനിൽക്കുകയും ചെയ്തു. പ്രതികൾ അപകടത്തിന് മുൻപ് അവസാനമായി മദ്യപിച്ചത് ഈ ബാറിലായിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ മറ്റ് ബാറുകളിലും തെളിവെടുപ്പ് തുടരുമെന്ന് പോലീസ് അറിയിച്ചു.
നെടുമ്പാശ്ശേരി അപകടം: സർക്കാരിൽ നിന്ന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ധിഖ്; ദേവികയുടെ വീട് സന്ദർശിച്ചു