കൊച്ചി: നെടുമ്പാശേരിയിൽ ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ (ശനിയാഴ്ച) വിധി പറയും. കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും വാഹനം ഓടിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ 2, 3, 4 പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. ഇതിലാണ് കോടതി നാളെ വിധി പറയുന്നത്. ഇതിനിടെ, 23 വയസ്സിന് താഴെയുള്ള പ്രതികൾക്ക് മദ്യം വിളമ്പിയതിന് ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് 7 ദിവസത്തിനകം തീരുമാനമെടുക്കാൻ എക്സൈസ് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
മരിച്ചവർ മൂന്ന് പേർ സ്കൂട്ടറിലാണ് സഞ്ചരിച്ചിരുന്നതെന്നും അതുകൊണ്ടാണ് അപകടമുണ്ടായതെന്നുമായിരുന്നു ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതിഭാഗത്തിന്റെ വാദം. എന്നാൽ "അതുകൊണ്ട് ഇടിക്കാമോ?" എന്ന് കോടതി തിരിച്ചുകോദിച്ചു. അവർ സഞ്ചരിച്ചത് നിയമലംഘനമാണെന്ന് പ്രതിഭാഗം വീണ്ടും വാദിച്ചപ്പോൾ, "അവർ മരിച്ചുപോയില്ലേ, ഇനി അവർക്കെതിരെ നടപടി എടുക്കാൻ കഴിയില്ലല്ലോ" എന്ന് കോടതി മറുപടി നൽകി. ഇതൊരു സാധാരണ അപകടം മാത്രമാണെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
എന്നാൽ തങ്ങൾക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതെന്നും ഇത് നിലനിൽക്കില്ലെന്നും അവർ വാദിച്ചു. എന്നാൽ ഗുരുതരമായ പ്രാഥമിക തെളിവുകൾ പ്രതികൾക്ക് എതിരാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി സമർപ്പിച്ചു. പ്രതിയും ഒപ്പമുള്ളവരും മദ്യപിച്ചതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, അനുവദനീയമായതിലും 5.3 ഇരട്ടി മദ്യം ഒന്നാം പ്രതിയായ സുഹൈൽ കഴിച്ചിരുന്നുവെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഈ സുപ്രധാന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും മരണമടഞ്ഞവർക്കുവേണ്ടി ഹാജരായ അഭിഭാഷകരും കോടതിയിൽ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കോടതി കേസ് വിധി പറയാനായി മാറ്റിയത്.
നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും