നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. കേസിൽ ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്താണ് നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊച്ചിയിലെ ഒരു ആന്റീക് ഷോപ്പിലെ ജീവനക്കാരായ ഇവർ എയർപോർട്ട് ഭാഗം സന്ദർശിച്ചശേഷം തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. അപകടം നടന്നയുടൻ, എയർപോർട്ട് റോഡിൽ വേഗതയിൽ ഓടിച്ചാൽ എന്താണ് കുഴപ്പമെന്നും അച്ഛൻ നോക്കിക്കൊള്ളുമെന്നും പറഞ്ഞ് കാറിലുണ്ടായിരുന്നവർ നാട്ടുകാരോട് തർക്കിച്ചതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
കേസിൽ 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയത് നിലനിൽക്കില്ലെന്നും, ദൃക്സാക്ഷികൾ ഇല്ലാതെയാണ് എഫ്.ഐ.ആർ ഇട്ടതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചത് നിയന്ത്രണം തെറ്റാൻ കാരണമായിട്ടുണ്ടാകാമെന്നും, വാഹനത്തിന്റെ വേഗം തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. എന്നാൽ, പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും പ്രായപൂർത്തിയായ അവർക്ക് മദ്യപിച്ച് വാഹനമോടിച്ചാൽ ജീവഹാനിയുണ്ടാകുമെന്ന് അറിയാമായിരുന്നുവെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. കേസന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി