ചെന്നൈ: സുന്ദർ സി. സംവിധാനം ചെയ്ത് നയൻതാര കേന്ദ്രകഥാപാത്രമായി എത്തുന്ന 'മൂക്കുത്തി അമ്മൻ 2- മഹാശക്തി'യുടെ ട്രെയിലർ പുറത്തിറങ്ങി. സമകാലീന സംഭവങ്ങളും പൂർവ്വകാല സംഭവങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മൂക്കുത്തി അമ്മനായും പോലീസ് ഉദ്യോഗസ്ഥയായും ഇരട്ട വേഷങ്ങളിലാണ് നയൻതാര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യോഗി ബാബുവും ഉർവശിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി തുടരുകയാണ്. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിക്കുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി തിയറ്ററുകളിലെത്തും. ഭക്തിയും നർമ്മവും സാമൂഹിക പ്രസക്തിയും കോർത്തിണക്കി വൻ ദൃശ്യവിസ്മയത്തോടെയാണ് സുന്ദർ സി. രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ദുനിയ വിജയ്, റെജീന കാസാൻഡ്ര, മൈന നന്ദിനി, ഗരുഡ റാം തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് ഹിപ്പ്‌ഹോപ്പ് തമിഴ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. (പി.ആർ.ഒ: പ്രതീഷ് ശേഖർ).
നയൻതാരയുടെ 'മൂക്കുത്തി അമ്മൻ 2- മഹാശക്തി' ട്രെയിലർ പുറത്ത്; ദീപാവലി റിലീസായി ചിത്രം നവംബർ 6ന് തിയറ്ററുകളിൽ