തിരുവനന്തപുരം: മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള അന്തിമഘട്ട ചോദ്യം ചെയ്യലുകൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നാളെ തുടക്കമിടും. കൊച്ചിയിലെ സിഎംആർഎൽ ഉദ്യോഗസ്ഥരെ നാളെയും മറ്റന്നാളുമായി വീണ്ടും ചോദ്യം ചെയ്യും. കമ്പനിയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന ഒമ്പത് ഉദ്യോഗസ്ഥരോടാണ് ഹാജരാകാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.
കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ ഇവരിൽ നിന്ന് ലഭിച്ച മൊഴികളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇഡി തുടർ അന്വേഷണം നടത്തിയത്. മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുമാണ് ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യുന്നത്.
കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്ന് പിണറായി വിജയന്റെ മകൾ വീണ വിജയനിലേക്കും വീണയുടെ കമ്പനിയായ എക്സാലോജിക്കിലേക്കുമടക്കം കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2024ലാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി.
ഈ ഘട്ടത്തിൽ വീണ വിജയനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തൽ. നേരത്തെ രണ്ട് തവണ വീണയെ ചോദ്യം ചെയ്തിരുന്നു. അതേസമയം, ഇഡിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന നിർദേശത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടനുസരിച്ചായിരിക്കും തുടർനടപടികൾ.
റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം പിന്നീട്
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക. നേരത്തെ നൽകിയ മൊഴിയിൽ നിന്ന് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് വാരിസ് പിന്നീട് പിന്മാറിയ സാഹചര്യത്തിലാണ് ഇഡി കൂടുതൽ ജാഗ്രതയോടെ നീങ്ങുന്നത്.
മാസപ്പടി കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. അതേസമയം, വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട നിർദേശത്തിൽ അഡ്വക്കേറ്റ് ജനറൽ തിങ്കളാഴ്ച സർക്കാരിന് നിയമോപദേശം നൽകും.
വിജിലൻസ് അന്വേഷണത്തിൽ സർക്കാർ ജാഗ്രതയോടെ തീരുമാനമെടുക്കണമെന്നാണ് കോൺഗ്രസിനുള്ളിലെ പൊതുവികാരം. സർക്കാർ നിലപാട് നിർണായകമാകുന്ന സാഹചര്യത്തിൽ, ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് ഇഡി.
മാസപ്പടി കേസ്: ആദ്യഘട്ട കുറ്റപത്രത്തിന് മുന്നോടിയായുള്ള അന്തിമ ചോദ്യം ചെയ്യൽ നാളെ മുതൽ