ഒരു മനുഷ്യൻ ചെയ്യുന്ന നന്മയ്ക്ക് എത്രയധികം പേരെ പ്രചോദിപ്പിക്കാൻ കഴിയുമെന്നതിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായി മാറിയിരിക്കുകയാണ് നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള 'കാതോട് കാതോരം' പദ്ധതി. പദ്ധതിയുടെ ഗുണഭോക്താക്കളായ കുട്ടികൾക്ക് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അപ്രതീക്ഷിത സമ്മാനങ്ങളും സഹായങ്ങളുമാണ് ഒഴുകിയെത്തുന്നത്. ഒരു നേരത്തെ ഭക്ഷണത്തിൽ തുടങ്ങി കുട്ടികളുടെ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ നീളുന്ന വലിയൊരു സ്നേഹക്കൂട്ടായ്മയ്ക്കാണ് ഈ സംരംഭം വേദിയായിരിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ രാജഗിരി ആശുപത്രിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഗുണഭോക്താക്കളായ കുട്ടികളും മാതാപിതാക്കളും കൊച്ചിയിൽ ഒത്തുചേർന്നപ്പോൾ അവരെ കാണാൻ മമ്മൂട്ടി അപ്രതീക്ഷിതമായി എത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ആ ഒത്തുചേരലിനിടയിൽ അരങ്ങേറിയ മറ്റ് ചില കാരുണ്യപ്രവർത്തനങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പരിപാടിയിൽ പങ്കെടുത്തവർക്ക് ബിരിയാണി ഒരുക്കി വിളമ്പാനെത്തിയ തലശ്ശേരിക്കാരൻ അബ്ദുൾ ഖാദറാണ് ഇതിൽ ആദ്യം മാതൃകയായത്. ചടങ്ങിനിടയിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും അനുഭവങ്ങൾ കേട്ടറിഞ്ഞ അദ്ദേഹത്തിന്റെ മനസ്സ് മാറി. കുട്ടികൾക്കായി മമ്മൂട്ടി നടത്തുന്ന പ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായി, താൻ ഒരുക്കിയ ബിരിയാണിക്കും അതിന്റെ ചെലവുകൾക്കും യാതൊരു പ്രതിഫലവും വാങ്ങില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.
അതിന് പിന്നാലെ അതിലും വലിയൊരു പ്രഖ്യാപനമാണ് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ ചെയർമാനും എം.ജി.എം ഗ്രൂപ്പ് ചെയർമാനുമായ ഗീവർഗീസ് യോഹന്നാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. 'കാതോട് കാതോരം' പദ്ധതിയിലെ മുഴുവൻ കുട്ടികളുടെയും വിദ്യാഭ്യാസം ആജീവനാന്തം സൗജന്യമായി ഏറ്റെടുക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. കേരളത്തിലുടനീളമുള്ള എം.ജി.എം ഗ്രൂപ്പിന്റെ മുപ്പതോളം സ്‌കൂളുകളിലും കോളേജുകളിലും കുട്ടികൾക്കും മാതാപിതാക്കൾക്കും താൽപ്പര്യമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കും. സ്‌കൂൾ വിദ്യാഭ്യാസം മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്, പോളിടെക്‌നിക് തുടങ്ങിയ വിവിധ കോഴ്‌സുകൾ ഇതിന്റെ ഭാഗമായി സൗജന്യമായി പഠിക്കാം.
ഒരുകാലത്ത് കുട്ടികളുടെ ആരോഗ്യത്തിനും ഭാവിക്കും വേണ്ടി ഏറെ പ്രയാസപ്പെട്ടിരുന്ന കുടുംബങ്ങൾക്ക് ലഭിച്ച ഈ കരുതൽ വലിയൊരു ആശ്വാസമാണ് പകർന്നുനൽകിയിരിക്കുന്നത്. നന്മയ്ക്ക് നന്മകൊണ്ട് മറുപടി നൽകുന്ന മനുഷ്യർ ഇന്നും സമൂഹത്തിലുണ്ടെന്ന് തെളിയിക്കുന്നതാണ് മമ്മൂട്ടിയുടെ ഈ കാരുണ്യപദ്ധതിയും അതിന് ലഭിക്കുന്ന പിന്തുണയും.
മമ്മൂട്ടിയുടെ 'കാതോട് കാതോരം' പദ്ധതിക്ക് പിന്തുണയേറുന്നു; കുട്ടികൾക്ക് ബിരിയാണി മുതൽ ആജീവനാന്ത സൗജന്യ വിദ്യാഭ്യാസം വരെ