ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാൻ പുതിയ എസ്‌യുവിയുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര രംഗത്തുവരുന്നു. 2025 ഓഗസ്റ്റിൽ കമ്പനി അവതരിപ്പിച്ച 'മഹീന്ദ്ര വിഷൻ എസ് കൺസെപ്റ്റിന്റെ' പ്രൊഡക്ഷൻ പതിപ്പായിരിക്കും ഈ വാഹനം. 2026 ഡിസംബറോടെ എസ്‌യുവി വിപണിയിലെത്തുമെന്നാണ് സൂചന. പെട്രോൾ, ഡീസൽ, ഹൈബ്രിഡ്, ഇലക്ട്രിക് സാങ്കേതികവിദ്യകളെ ഒരുപോലെ പിന്തുണയ്ക്കുന്ന പുതിയ ഫ്ലെക്സിബിൾ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. വാഹനത്തിന്റെ ഔദ്യോഗിക പേരും സാങ്കേതിക വിവരങ്ങളും മഹീന്ദ്ര ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ പ്രകാരം കൺസെപ്റ്റ് മോഡലിന്റെ ബോക്സി രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പ്രൊഡക്ഷൻ പതിപ്പിലും നിലനിർത്തും. മുൻവശത്ത് മൂന്ന് തിരശ്ചീന സ്ലാറ്റുകളുള്ള പുതിയ ആറ് സ്ലോട്ട് ഗ്രിൽ, താർ റോക്സിന് സമാനമായ വൃത്താകൃതിയിലുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്പോർട്ടി ബമ്പർ, വീതിയേറിയ എയർ ഡാം എന്നിവയുണ്ടാകും. വശങ്ങളിൽ ഡ്യുവൽ ടോൺ അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ ക്രമീകരിക്കുമ്പോൾ പിൻവശത്ത് ലംബമായ എൽ.ഇ.ഡി ടെയിൽ ലാമ്പുകളും, ടെയിൽഗേറ്റിന് കുറുകെയുള്ള ലൈറ്റ് സ്ട്രിപ്പും, സ്പെയർ വീലും വാഹനത്തിന്റെ അഗ്രസീവ് ലുക്ക് കൂട്ടുന്നു.
വാഹനത്തിനുള്ളിൽ പ്രായോഗികതയ്ക്കും യാത്രക്കാരുടെ കംഫർട്ടിനും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. താർ റോക്സിന് സമാനമായ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, എക്‌സ്‌യുവി 7എക്‌സ്ഓ മോഡലിൽ നിന്നുള്ള ടു-സ്പോക്ക് സ്റ്റിയറിംഗ് വീൽ, പുത്തൻ ഡാഷ്‌ബോർഡ് എന്നിവ അകത്തളത്തെ സമ്പന്നമാക്കും. ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ആപ്പിൾ കാർപ്ലേ/ആൻഡ്രോയ്ഡ് ഓട്ടോ, ഓട്ടോ ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഒന്നിലധികം എയർബാഗുകൾ എന്നിവയും പ്രധാന സവിശേഷതകളാണ്.
എഞ്ചിൻ വിവരങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 1.5 ലിറ്റർ ടർബോ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമായേക്കാം. ഭാവിയിൽ ഇതിന്റെ സമ്പൂർണ്ണ ഇലക്ട്രിക് പതിപ്പും വിപണിയിലെത്തും. ഏകദേശം 10.50 ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന ഈ മോഡൽ, വരാനിരിക്കുന്ന ടാറ്റ സ്കാർലെറ്റ്, റെനോ ബ്രിഡ്ജർ തുടങ്ങിയ എസ്‌യുവികൾക്ക് ശക്തമായ മത്സരമായിരിക്കും ഉയർത്തുക.
ടാറ്റയ്ക്കും റെനോയ്ക്കും വൻ വെല്ലുവിളി; മഹീന്ദ്ര വിഷൻ എസ് അധിഷ്ഠിത പുതിയ എസ്‌യുവി 2026 ഡിസംബറിൽ എത്തുന്നു