ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബൻ; സമാധാനവും സാഹോദര്യവും വേണമെന്ന് ആഹ്വാനം
കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടൻ കുഞ്ചാക്കോ ബോബൻ രംഗത്ത്. സമാധാനമാണ് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കുഞ്ചാക്കോ ബോബൻ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചു.
പ്രക്ഷോഭത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ വിശ്വാസമോ സംബന്ധിച്ച ബന്ധമില്ലെന്നും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരത്വത്തിന്റെ ആശയങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ് ഈ വിഷയമെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു.
"നാനാത്വത്തിൽ ഏകത്വമെന്ന ആശയത്തെ ഉയർത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ്. സമാധാനവും സാഹോദര്യവും ഉത്തരവാദിത്തത്തോടെയുള്ള അന്തിമ ശക്തിയാകുന്നിടത്ത്, എല്ലാത്തിനുമുപരി മനുഷ്യത്വം നിലനിൽക്കുന്നിടത്ത്..." എന്നായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം. "ജയ് ഹിന്ദ്" എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് അവസാനിപ്പിച്ചത്.
മലയാള സിനിമാ മേഖലയിലെ നിരവധി താരങ്ങളും നേരത്തെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. നടൻ ടൊവിനോ തോമസ്, മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അപ്പാനി ശരത് തുടങ്ങിയവരാണ് സമരത്തിന് പിന്തുണ അറിയിച്ചത്.
സമാധാനപരമായ പ്രതിഷേധങ്ങളെ നേരിടേണ്ട രീതി ഇതല്ലെന്നായിരുന്നു പോലീസ് നടപടിക്കെതിരായ ടൊവിനോ തോമസിന്റെ പ്രതികരണം. സമാനമായ അഭിപ്രായങ്ങളുമായി മറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അപ്പാനി ശരത്തും പ്രതികരിച്ചു.
അതേസമയം, ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പോലീസ് സ്വീകരിച്ച നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ജന്തർ മന്തറിൽ നടക്കുന്ന രാപകൽ സമരം ഒരുമാസം പൂർത്തിയായതിനെ തുടർന്ന് തിങ്കളാഴ്ച ആയിരക്കണക്കിന് വിദ്യാർഥികൾ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.