കോഴിക്കോട്: ടി പിയുടെ കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ആരെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന് നിയുക്ത എംഎല്‍എയും ആർഎംപി നേതാവുമായ കെ.കെ രമ. ഒരിക്കലും ബുദ്ധികേന്ദ്രത്തിലേക്ക് അന്വേഷണം എത്തുന്നില്ല. താഴേക്കിടയില്‍ പിടിക്കപ്പെടുന്നവരെല്ലാം ആ ബുദ്ധികേന്ദ്രത്തിലെ ടൂളുകളാണ്. അവരെ കൊണ്ട് ചെയ്യിക്കുകയാണ്. അതിനാല്‍ ആലോചന നടത്തിയ കേന്ദ്രമാണ് പിടിക്കപ്പെടേണ്ടത്, ആ തലച്ചോറാണ് തകര്‍ക്കപ്പെടേണ്ടതെന്നും രമ പറഞ്ഞു.
പിആര്‍ വര്‍ക്കിലൂടെ കെട്ടിപ്പൊക്കിയ ഇമേജാണ് സര്‍ക്കാരിനുളളത്. തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്‌നങ്ങളോ വലിയ അഴിമതികളോ തെരഞ്ഞെടുപ്പിൽ ചര്‍ച്ചയായില്ല. പിണറായി വിജയന്‍ വലിയ ധാര്‍ഷ്ട്യമുളള ഭരണാധികാരിയായും ധിക്കാരമുളള ഭരണാധികാരിയായും ആയിട്ടാണ് തനിക്ക് പലപ്പോഴും തോന്നിയിട്ടുളളത്. അതിനുളള പ്രധാന കാരണം ടി പിയുടെ കൊലപാതകമാണ്. മരിച്ച ഒരു വ്യക്തിയെ കുലംകുത്തി തന്നെയാണ് എന്ന് മരണശേഷവും ഒരു വ്യക്തിക്ക് പറയാന്‍ കഴിയുന്നത് അയാള്‍ അങ്ങേയറ്റത്തെ ഫാസ്റ്റിസ് ആയതുകൊണ്ടാണ്. മനുഷ്യത്വ മനസില്ലാത്തതുകൊണ്ടാണെന്നും അവർ ആരോപിച്ചു.