തിരുവനന്തപുരം: കിഫ്ബിയിൽ വൻ ക്രമക്കേട് കണ്ടെത്തിയതായി വാർത്താസമ്മേളനത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കിഫ്ബിയുടെ പ്രവർത്തനങ്ങൾ മൂലം സർക്കാരിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ധനവകുപ്പിനെ നോക്കുകുത്തിയാക്കി, സർക്കാരിന്റെയോ ധനവകുപ്പിന്റെയോ കര്ശനമായ നിയന്ത്രണങ്ങളില്ലാതെ ഒരു സ്വതന്ത്ര സാമ്രാജ്യം പോലെയാണ് കിഫ്ബി പ്രവർത്തിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കിഫ്ബി അവലോകന റിപ്പോർട്ടിൽ അതീവ ഗുരുതരമായ നിരീക്ഷണങ്ങളാണ് ഉള്ളത്. കിഫ്ബി മുൻ സിഇഒ ഇരട്ട പദവി വഹിച്ചതിലും, കൺസൾട്ടൻസികൾക്ക് പണം നൽകിയതിലും വ്യക്തമായ ക്രമക്കേട് നടന്നിട്ടുണ്ട്. സർക്കാർ നൽകിയ തുകയുടെ 99.4 ശതമാനവും വായ്പാ തിരിച്ചടവിനായി മാത്രമാണ് ചെലവഴിച്ചത്. മസാല ബോണ്ട് വഴി 181.73 കോടി രൂപയുടെ നഷ്ടമുണ്ടായി. കിഫ്ബി വഴി ആകെ 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും പരസ്യങ്ങൾക്കായി മാത്രം 203.72 കോടി രൂപ ചെലവഴിച്ചപ്പോൾ കണക്കിൽ 21.16 കോടി മാത്രമാണ് കാണിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ അനുമതിയില്ലാതെ 498 പേർക്ക് നിയമനം നൽകിയതായും റിപ്പോർട്ടിലുണ്ട്.
കണ്ണൂരിലും പാലക്കാടുമായി കിൻഫ്ര വഴി 5366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കിഫ്ബി അംഗീകാരം നൽകിയെങ്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേവലം 50 ഏക്കർ മാത്രമാണ് വ്യവസായ പാർക്കിനായി ഉപയോഗിച്ചത്. യഥാർത്ഥ വിലയുടെ അഞ്ചിരട്ടി തുക നൽകിയാണ് പലയിടത്തും ഭൂമി ഏറ്റെടുത്തത്. കിഫ്ബി പദ്ധതികളുടെ 41.6 ശതമാനവും മൂന്ന് ജില്ലകളിൽ മാത്രമായി കേന്ദ്രീകരിച്ചപ്പോൾ, കണ്ണൂർ ജില്ലയിൽ മാത്രം 52.9 ശതമാനം വിഹിതം നൽകിയെന്ന വലിയ വിവേചനവും നടന്നിട്ടുണ്ട്. വിദഗ്ധസമിതി റിപ്പോർട്ടിൽ രാഷ്ട്രീയം ഇല്ലെന്നും, ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ:
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ജില്ലാ കളക്ടർമാർക്ക് ഒരു കോടി രൂപ വീതം പ്രത്യേക ഫണ്ട് അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായുള്ള വാർഷിക വരുമാന പരിധി നിലവിലുള്ള രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷം രൂപയായി ഉയർത്തി. കൂടാതെ സ്റ്റേറ്റ് ഡാറ്റാ പോളിസി കരടിന് മന്ത്രിസഭ അംഗീകാരം നൽകുകയും, റവന്യൂ വകുപ്പിലേക്ക് പുതിയ 152 വാഹനങ്ങൾ വാങ്ങുന്നതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തു.
കിഫ്ബി വഴി സർക്കാരിന് വൻ സാമ്പത്തിക നഷ്ടം; വിദഗ്ധ സമിതി റിപ്പോർട്ടിലെ ഗുരുതര നിരീക്ഷണം പുറത്തുവിട്ട് മുഖ്യമന്ത്രി