ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച 'ചിൽ' എന്ന നായ്ക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി സുജൻ അരോമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഖുശ്പു" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത സിനിമാ താരം സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്. ബൈജു ക്രിയേഷൻസിന്റെ ബാനറിൽ സിന്തൈ വിജയൻ കഥയെഴുതി നിർമ്മിക്കുന്ന ഈ ഹൊറർ കോമഡി ഡ്രാമ ചിത്രം വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണശൈലി കൊണ്ടും ശ്രദ്ധേയമാകാനൊരുങ്ങുകയാണ്.
വയനാട് ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ നിന്ന് അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ചിൽ എന്ന തെരുവുനായയുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദുരന്തമേഖലയിൽ നിന്ന് കണ്ടെത്തിയ ചില്ലിനെ ഷാജി ബാലരാമപുരം, ജിഗേഷ് സുകുമാർ, ബിജോയ് എന്നിവരുടെ തീവ്രമായ പരിശീലനത്തിലൂടെയാണ് സിനിമയിലെ കഥാപാത്രമായി ഒരുക്കിയെടുത്തത്.
യൂട്യൂബ് ചാനലിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഹൊററും നർമ്മവും സസ്പെൻസും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഷാലു റഹീം, ഡയാന ഹമീദ്, ചിത്ര നായർ, സിനി കോലത്തുകര, പൂജ റാം, അൻവർ ഷെരീഫ്, നിർമൽ പാലാഴി, പ്രമോദ് വെളിയനാട്, അമൽ രാജ്ദേവ്, അനീഷ് ദാർ, ഷിബു ലാപ്പൻ, അനു ആനന്ദൻ തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ജിനേഷ് കോ-പ്രൊഡ്യൂസറായ ചിത്രത്തിന്റെ ഛായാഗ്രഹണം റെജിൻ സാന്റോയും എഡിറ്റിംഗ് കാച്ചപ്പിള്ളി ആന്റേഴ്സും നിർവ്വഹിക്കുന്നു. ആർട്ട്: സിബി അമരാവിള, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സിംഗ്: അഭിരാം യു ബി, സംഗീതം: അഫ്സൽ യൂസഫ്, ദിനു മോഹൻ, സമദ് പ്രിയദർശിനി, സുജൻ അരോമൽ. ഒറിജിനൽ സ്കോർ വില്യം ഫ്രാൻസിസും, ഗാനരചന ദിനു മോഹൻ, സുജൻ അരോമൽ എന്നിവരും നിർവ്വഹിച്ചിരിക്കുന്നു. വൈക്കം വിജയലക്ഷ്മി, നജീം അർഷാദ്, റിനു റസാഖ്, നിഹാസ് ഷംനാദ്, ഷിനു എസ് കെ, ജ്യോത്സ്ന ജോസ് അരക്കൽ, സുദർശൻ സുകുമാരൻ എന്നിവരാണ് ഗായകർ.
മേക്കപ്പ്: രതീഷ് രവി, കോസ്റ്റ്യൂംസ്: ഗോപൻ വികൃതി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിനു ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ: അനുരാജ് മേടയിൽ, പ്രൊഡക്ഷൻ കൺട്രോളർ: സഫി ആയൂർ. ജോജി ഡി പറക്കൽ കളറിംഗും ഫിൽമിയോൺ പ്രൊഡക്ഷൻസ് എ.ഐ, വി.എഫ്.എക്സ് ജോലികളും കൈകാര്യം ചെയ്തിരിക്കുന്നു. കൊച്ചി സൗത്ത് സ്റ്റുഡിയോസിലാണ് പോസ്റ്റ് പ്രൊഡക്ഷൻ. സ്റ്റിൽസ്: ബിനാസ് നാസർ, ഡിസൈൻ: ഡാവിഞ്ചി സ്റ്റുഡിയോ, പി.ആർ.ഒ: എ.എസ് ദിനേശ്, മനു ശിവൻ.
ദുരന്തഭൂമിയിലെ അതിജീവനത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക്; 'ചിൽ' പ്രധാന വേഷത്തിലെത്തുന്ന 'ഖുശ്പു' ഫസ്റ്റ് ലുക്ക് പുറത്ത്