കോട്ടയം: വൃശ്ചിക മാസം ഒരു മാസം മാത്രം അകലെ നിൽക്കെ കേരളത്തിൽ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞ് എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്തുടനീളം രാവിലെ കനത്ത മഞ്ഞാണ് അനുഭവപ്പെടുന്നത്. ഉച്ചവരെ കൊടുംവെയിലും, ഉച്ചതിരിഞ്ഞ് ഇടിയോടുകൂടിയ കനത്ത മഴയും, പ്രഭാതത്തിൽ മഞ്ഞും എന്ന തരത്തിലുള്ള വിചിത്രമായ കാലാവസ്ഥാ മാറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
അന്തരീക്ഷത്തിലെ ഈർപ്പസാന്നിധ്യം കൂടിയതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് വ്യക്തമാക്കുന്നു. ഉച്ചവരെ പഴുത്തുനിൽക്കുന്ന ഭൂമിയിലേക്ക് ഉച്ചതിരിഞ്ഞ് കനത്ത മഴ പെയ്യുകയും, രാത്രി വൈകി ഭൗമാന്തരീക്ഷത്തിൽ താപനില വീണ്ടും കുറയുകയും ചെയ്യുന്നു. തുടർന്ന് പ്രഭാതത്തിൽ തലേന്നത്തെ മഴമൂലമുള്ള ഈർപ്പം ബാഷ്പമായി ഉയരുകയും, സൂര്യരശ്മികൾ ശക്തമാകും മുൻപ് അത് തണുത്ത് അന്തരീക്ഷമാകെ മൂടൽമഞ്ഞായി മാറുകയും ചെയ്യുന്നു.
എന്നാൽ ഈ മഞ്ഞ് കണ്ട് ആരും കുളിരേണ്ടതില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡിസംബർ, ജനുവരി മാസങ്ങളിലെപ്പോലെ ശക്തമായ തണുപ്പ് ഇപ്പോഴില്ല. ഔദ്യോഗികമായി തുലാവർഷം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിനുസമാനമായ മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിശക്തമായ ഇടിമിന്നൽ പലയിടത്തും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉത്സവ ആരാധകരുടെ പ്രിയപ്പെട്ട കൊമ്പൻ 'പല്ലാട്ട് ബ്രഹ്മദത്തൻ' കഴിഞ്ഞദിവസം ഇടിവെട്ടേറ്റ് ചരിഞ്ഞത് വലിയ വേദനയായി മാറിയിരിക്കുകയാണ്.
വൃശ്ചികം ഒരു മാസം അകലെനിൽക്കെ പതിവ് തെറ്റിച്ച് പ്രഭാതമഞ്ഞും കനത്ത മഴയും; വിചിത്ര കാലാവസ്ഥയിൽ കേരളം