രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’യിലെ സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ പ്രൊമോ പുറത്തിറങ്ങി. ചിത്രത്തിൽ ‘ദിലീപ്’ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
35 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോയിൽ വ്യത്യസ്തമായ ലുക്കിലാണ് സുരാജ് വെഞ്ഞാറമൂട് പ്രത്യക്ഷപ്പെടുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് പ്രൊമോ ഒരുക്കിയിരിക്കുന്നത്.
‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായി രജനീകാന്ത് വീണ്ടും എത്തുന്ന ചിത്രമാണ് ‘ജയിലർ 2’. സൺ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. രജനീകാന്തിനൊപ്പം രമ്യ കൃഷ്ണൻ, യോഗി ബാബു, മിർണ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
വിജയ് കാർത്തിക് കണ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മാസ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തും.
വേറിട്ട ലുക്കിൽ സുരാജ്; ‘ജയിലർ 2’യിലെ ക്യാരക്ടർ പ്രൊമോ പുറത്ത്