രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ അതിഗംഭീര പ്രേക്ഷക പ്രതികരണവുമായി ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുന്നു. ആഗോളതലത്തിൽ പ്രദർശനം ആരംഭിച്ച ചിത്രം കേരളത്തിൽ ആദ്യ ദിനം 1600-ഓളം ഹൗസ്ഫുൾ ഷോകൾ ഉൾപ്പെടെ നാലായിരത്തോളം ഷാകളാണ് കളിച്ചത്. എണ്ണൂറോളം സ്ക്രീനുകളിൽ വിപുലമായ റിലീസ് ഒരുക്കിയതോടെ, കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യ ദിന ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോർഡും ചിത്രം സ്വന്തമാക്കി. വിജയ് ചിത്രം 'ലിയോ' നേടിയ 12 കോടിയുടെ ആദ്യ ദിന കളക്ഷൻ മറികടന്ന ചിത്രം, റിലീസിന് മുൻപേ തന്നെ കേരളത്തിൽ നിന്ന് എട്ട് കോടിയോളം രൂപയുടെ പ്രീസെയിൽസ് നേടുകയും ചെയ്തിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് എത്തിച്ചത്. ഡ്രീം ബിഗ് ഫിലിംസാണ് വിതരണ പങ്കാളികൾ.
കേരളത്തിലെ പ്രേക്ഷകർക്കിടയിൽ വൻ ആവേശമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ആരാധകരുടെ വലിയ തിരക്ക് പ്രമാണിച്ച് കേരളത്തിലെ പല സ്ക്രീനുകളിലും 24 മണിക്കൂർ മാരത്തൺ ഷോകൾ വരെ സംഘടിപ്പിച്ചിരുന്നു. ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ മികച്ച ട്രെൻഡിംഗോടെ എത്തിയ ചിത്രത്തിന് രണ്ടാം ദിനത്തിലും ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് അനുഭവപ്പെടുന്നത്. മലയാളത്തിന്റെ മെഗാതാരം മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന് കേരളത്തിൽ ലഭിച്ച വൻ സ്വീകരണത്തിന് പ്രധാന കാരണമാണ്. രജനികാന്തും മോഹൻലാലും ഒന്നിക്കുന്ന രംഗങ്ങൾ തിയേറ്ററുകളിൽ വൻ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.
മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും അവതരിക്കുന്ന ചിത്രത്തിൽ കന്നഡ താരം ശിവ രാജ്കുമാറും ബോളിവുഡ് താരം ഹൃതിക് റോഷനും അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ആക്ഷൻ രംഗങ്ങളും ബ്ലാക്ക് ഹ്യൂമറും അനിരുദ്ധ് രവിചന്ദറിന്റെ മാസ്മരിക സംഗീതവും പശ്ചാത്തല സംഗീതവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.
കേരളത്തിൽ ലഭിക്കുന്ന വൻ ജനത്തിരക്കും മികച്ച പ്രതികരണങ്ങളും ചിത്രത്തിന് വമ്പൻ ബോക്സ് ഓഫീസ് മുന്നേറ്റത്തിനാണ് അടിത്തറ പാകുന്നത്. കേരളത്തിലെ തിയേറ്ററുകളിലെ പ്രതികരണത്തിനൊപ്പം തമിഴ്നാട്ടിലും ആഗോളതലത്തിലും ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും ആർ. നിർമ്മൽ എഡിറ്റിംഗും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ മറ്റ് സാങ്കേതിക പങ്കാളികൾ പ്രൊഡക്ഷൻ ഡിസൈനർ ഡോ. കെ. കിരൺ, ആക്ഷൻ ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈൻ പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് ഡിസൈൻ സുരേൻ ജി., എസ്. അളഗിയകൂത്തൻ എന്നിവരാണ്. പി.ആർ.ഒ: ശബരി.
ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'