സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം "ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ" ടീസർ പുറത്ത്
മലയാള സിനിമയിൽ പുതിയൊരു വ്യത്യസ്ത അനുഭവവുമായി എത്തുന്ന ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രം, അസാധാരണമായൊരു കഥാപശ്ചാത്തലമാണ് അവതരിപ്പിക്കുന്നത്.
ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്സ്, ഡ്രീം ബിഗ് ഫിലിംസ് എന്നീ ബാനറുകളിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ. നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് നടി നിലീൻ സാന്ദ്രയാണ്.
കോമയിൽ നിന്ന് ഉണർന്നെഴുന്നേൽക്കുന്ന സംഗീത് പ്രതാപിന്റെ കഥാപാത്രത്തിന് ലഭിക്കുന്ന അസാധാരണമായ ‘സൂപ്പർ ഹിയറിങ്’ ശേഷിയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ടീസർ നൽകുന്ന സൂചന. സാധാരണക്കാരനായ ഒരാൾക്ക് അസാധാരണമായ കേൾവി ശക്തി ലഭിക്കുന്നതോടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളും അതിന്റെ പ്രത്യാഘാതങ്ങളുമാണ് ചിത്രം രസകരമായും ത്രില്ലിംഗ് ആയും അവതരിപ്പിക്കുന്നത്.
സാങ്കേതിക മികവിലും ചിത്രം ശ്രദ്ധ നേടുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. കേന്ദ്ര കഥാപാത്രത്തിന് ലഭിക്കുന്ന പ്രത്യേക കഴിവിനെ അടിസ്ഥാനമാക്കി സൗണ്ട് ഡിസൈനിനും ശബ്ദ മിശ്രണത്തിനും ചിത്രത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. വ്യത്യസ്തമായ ലുക്കിലാണ് ഷറഫുദ്ദീനും സംഗീത് പ്രതാപും ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെട്ടത്.
ഇരുവരുടെയും കരിയറിലെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രങ്ങളാണ് ‘ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ’ൽ അവതരിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ കഥയും കഥാപാത്രങ്ങളും സംബന്ധിച്ച ആകാംക്ഷ നിലനിർത്തിയാണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീത അവകാശം പ്രമുഖ മ്യൂസിക് ലേബലായ തിങ്ക് മ്യൂസിക് സ്വന്തമാക്കി. നേരത്തെ ചിത്രത്തിന്റെ ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സ് സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, അഖില ഭാർഗവൻ എന്നിവർക്ക് പുറമെ കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ. കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കേരളത്തിലെ വിതരണ ചുമതല ഡ്രീം ബിഗ് ഫിലിംസ് നിർവഹിക്കുന്നു.
ഛായാഗ്രഹണം - അഖിൽ സേവ്യർ ,എഡിറ്റർ - രാകേഷ് ചെറുമഠം,സംഗീതം - മുജീബ് മജീദ്,സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ ,വസ്ത്രാലങ്കാരം - ആരതി ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് പൂങ്കുന്നം, കലാസംവിധാനം - അപ്പുണ്ണി സാജൻ
വിഎഫ്എക്സ് - പ്രൊമൈസ് വിഎഫ്എക്സ്, മാർജ്ജാര വിഎഫ്എക്സ് ,ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്‌സ്‌ക്യൂറ ,പിആർഒ - ശബരി
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.