ഗള്‍ഫില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; ഖത്തറിലും സൗദിയിലും നാശനഷ്ടം, അബുദാബിയില്‍ ഡ്രോണുകള്‍ തകര്‍ത്തു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 19, 2026
1 min read
•
Updated: June 02, 2026
പശ്ചിമേഷ്യയില്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍. ഖത്തറിലെ ഊര്‍ജ്ജ നിലയത്തിലും സൗദിയിലെ ജനവാസ മേഖലയിലും മിസൈലുകള്‍ പതിച്ചു. യുഎഇയില്‍ നടന്ന ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ പ്രതിരോധ സേന പരാജയപ്പെടുത്തി.
ഖത്തറില്‍ മിസൈല്‍ പതനം; പ്ലാന്റിന് നാശനഷ്ടം
ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിക്ക് നേരെയാണ് ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പ്ലാന്റിന് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി ഖത്തര്‍ എനര്‍ജി സ്ഥിരീകരിച്ചു. എന്നാല്‍ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ആഗോള ഇന്ധന വിപണിയെ സ്വാധീനിക്കുന്ന പ്രധാന കേന്ദ്രമായ റാസ് ലഫാനിലെ ആക്രമണം ഏറെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
യുഎഇയില്‍ ഇന്ധന കേന്ദ്രങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം
അബുദാബിയിലെ ഹെബ്ഷന്‍, ബാബ് എന്നീ പ്രധാന ഇന്ധന ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു യുഎഇയില്‍ ആക്രമണ ശ്രമം നടന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തന്നെ രണ്ട് ഡ്രോണുകളെയും പ്രതിരോധ സേന തകര്‍ത്തു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ ജനവാസമില്ലാത്ത മേഖലയില്‍ വീണതിനാല്‍ ആളപായമില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഈ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
റിയാദില്‍ വിദേശികള്‍ക്ക് പരിക്ക്; യോഗത്തിനിടെ ആക്രമണം
സൗദി തലസ്ഥാനമായ റിയാദില്‍ ജനവാസ മേഖലയിലാണ് ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്. സംഭവത്തില്‍ നാല് വിദേശികള്‍ക്ക് പരിക്കേറ്റതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. റിയാദില്‍ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നടക്കുമ്പോഴായിരുന്നു ഇറാന്റെ ഈ പ്രകോപനം എന്നത് ശ്രദ്ധേയമാണ്.
മേഖലയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയതായും ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും ജിസിസി രാജ്യങ്ങള്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10