തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് മത്സരത്തിനുള്ള സ്റ്റേഡിയം പ്രവേശനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കി. ഓൺലൈൻ വഴി ടിക്കറ്റെടുത്തവർക്ക് മത്സരദിവസം രാവിലെ 8 മണി മുതൽ 'ടിക്കറ്റ് ജീനി' (Ticket Genie) ആപ്പിൽ പ്രത്യേക ക്യു.ആർ കോഡ് ടിക്കറ്റ് ലഭ്യമാകും. ഈ കോഡ് സ്റ്റേഡിയത്തിൽ സ്കാൻ ചെയ്തായിരിക്കും കാണികളെ അകത്തേക്ക് കടത്തിവിടുന്നത്. പ്രിന്റ് ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കും സമാന രീതിയിലുള്ള ക്യു.ആർ സ്കാനിങ് പരിശോധനയുണ്ടാകും.
ടിക്കറ്റിൽ വ്യക്തമാക്കിയിട്ടുള്ള ഔട്ടർ ഗേറ്റിലൂടെയും ഇന്നർ ഗേറ്റിലൂടെയും മാത്രമേ കാണികൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ക്യു.ആർ കോഡ് ഒരു തവണ സ്കാൻ ചെയ്തു കഴിഞ്ഞാൽ ആപ്പിൽ നിന്ന് സ്വയം അപ്രത്യക്ഷമാകും. അതിനാൽ ഒരിക്കൽ പുറത്തുകടന്നാൽ പിന്നീട് വീണ്ടും സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 2.30-നാണ് മത്സരം ആരംഭിക്കുന്നതെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 8 മണി മുതൽ കാര്യവട്ടം ഭാഗത്ത് കർശന പരിശോധന ആരംഭിക്കും. ടിക്കറ്റുള്ളവർക്ക് മാത്രമേ ഈ സമയത്തിനുശേഷം പ്രവേശനം ലഭിക്കൂ.