ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ (CEC) ഗ്യാനേഷ് കുമാറിനെതിരേ ഇന്ത്യാ മുന്നണി ഇന്ന് നടത്താനിരുന്ന പ്രതീകാത്മക പരസ്യ വിചാരണ (പബ്ലിക് ഇംപീച്ച്‌മെന്റ്) മാറ്റിവെച്ചു. ഡൽഹിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് പരിപാടി ശനിയാഴ്ചത്തേക്ക് മാറ്റിയതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു.
രാജാജി മാർഗിൽ സ്ഥിതിചെയ്യുന്ന എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ഔദ്യോഗിക വസതിയുടെ മുറ്റത്തായിരുന്നു വെള്ളിയാഴ്ച വിചാരണ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയും മഴയും കാരണം മുതിർന്ന നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് പരിപാടി അതേ സമയത്തേക്ക് നാളത്തേക്ക് മാറ്റാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്ന് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് ഗ്യാനേഷ് കുമാറിനെതിരായ പൊതുവിചാരണ നടപടികളിൽ അധ്യക്ഷത വഹിക്കുന്നത്. ചടങ്ങിൽ മല്ലികാർജുൻ ഖാർഗെ ഗ്യാനേഷിനെ നീക്കാനുള്ള പ്രമേയം അവതരിപ്പിക്കുകയും രാഹുൽ ഗാന്ധി സമാപന പ്രസംഗം നടത്തുകയും ചെയ്യും.
ഡൽഹിയിൽ കനത്ത മഴ; ഗ്യാനേഷ് കുമാറിനെതിരെയുള്ള 'പ്രതീകാത്മക വിചാരണ' മാറ്റിവെച്ചു, പ്രതികൂല കാലാവസ്ഥയെന്ന് രാഹുൽ ഗാന്ധി