ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യ്ക്ക് അഭിനന്ദനവുമായി ദേശീയ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് ജി വി പ്രകാശ് കുമാർ സിനിമയെ പ്രശംസിച്ചത്.
‘ഗംഭീരമായി വന്നിട്ടുണ്ട്’ എന്നായിരുന്നു ചിത്രത്തെക്കുറിച്ചുള്ള ജി വി പ്രകാശ് കുമാറിന്റെ പ്രതികരണം. ചിത്രത്തിന്റെ സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. റിലീസിന് മുമ്പുതന്നെ പ്രേക്ഷകർക്കിടയിൽ പ്രതീക്ഷ സൃഷ്ടിച്ച ചിത്രത്തെക്കുറിച്ചുള്ള ജി വി പ്രകാശിന്റെ വാക്കുകൾ ആരാധകർക്കിടയിലും ആവേശം വർധിപ്പിച്ചിട്ടുണ്ട്.
സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന ചിത്രം ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ പ്രമുഖ തെലുങ്ക് നിർമാണ കമ്പനികൾ സംയുക്തമായാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ നായിക. ശ്രുതി ഹാസനും ചിത്രത്തിൽ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ദുൽഖറിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജൂലൈ 28ന് പുറത്തിറങ്ങിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’ എന്ന ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ജി വി പ്രകാശ് കുമാറാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയവും അവരുടെ ജീവിതത്തിലൂടെയുള്ള യാത്രയും ചിത്രത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നാണെന്ന സൂചനയാണ് ഗാനത്തിലൂടെ ലഭിച്ചത്. ഗാനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം മേക്കിങ് രംഗങ്ങളും പുറത്തുവിട്ടിരുന്നു.
ചിത്രത്തിലെ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. നേരത്തെ പുറത്തുവന്ന അദ്ദേഹത്തിന്റെ ലുക്കും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. നൂതനമായ കഥപറച്ചിലിനും വ്യത്യസ്തമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രം എന്നതും ‘ആകാശംലോ ഒക താര’യുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദുൽഖറിന്റെ മറ്റൊരു തെലുങ്ക് ചിത്രമാണിത്. പ്രഭാസ് നായകനായ ‘കൽക്കി 2898 എഡി’യിലും ദുൽഖർ ശ്രദ്ധേയമായ അതിഥി വേഷത്തിലെത്തിയിരുന്നു. അതിന് ശേഷമുള്ള അദ്ദേഹത്തിന്റെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും.
ഗുന്നം ഗംഗരാജുവാണ് ചിത്രത്തിന്റെ രചനയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പവൻ സാദിനേനിയും വസന്ത് ജുറുവും ചേർന്നാണ് കഥ ഒരുക്കിയത്. അധിക തിരക്കഥ വസന്ത് ജുറുവിന്റേതാണ്. സുജിത് സാരംഗ് ഛായാഗ്രഹണവും പ്രവീൺ കെ. എൽ എഡിറ്റിങ്ങും നിർവഹിക്കുന്നു. ശ്വേത സാബു സിറിലാണ് പ്രൊഡക്ഷൻ ഡിസൈൻ. സിങ്ക് സിനിമയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. എഗ്വൈറ്റ് വി.എഫ്.എക്സ് ആണ് വിഷ്വൽ എഫക്ട്സ് ഒരുക്കുന്നത്.