ബെംഗളൂരു: രാജ്യത്തെ മരുന്ന് വിപണിയെയും ആരോഗ്യ മേഖലയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് വൻ വ്യാജ മരുന്ന് തട്ടിപ്പ് വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ പ്രമുഖ മരുന്ന് കമ്പനിയായ 'ഫൈസർ' (Pfizer) ബ്രാൻഡിന്റെ പേരിൽ വ്യാജമായി നിർമ്മിച്ച 15,000-ഓളം ആന്റിബയോട്ടിക് വയലുകൾ വിപണിയിൽ വിതരണം ചെയ്തതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഗുരുതര രോഗങ്ങൾക്ക് ഉപയോഗിക്കുന്ന 'സവിസെഫ്റ്റ' (Zavicefta), 'എംബ്ലാവിയോ' (Emblaveo) എന്നീ ആന്റിബയോട്ടിക്കുകളുടെ മറവിലാണ് ഈ വൻ തട്ടിപ്പ് നടന്നത്. വിലകുറഞ്ഞ ജനറിക് മരുന്നുകൾ വയലുകളിൽ നിറച്ച ശേഷം ഫൈസറിന്റെ വ്യാജ ലേബലുകൾ ഒട്ടിച്ച് വിപണിയിലെത്തിക്കുകയായിരുന്നു പ്രതികളുടെ രീതി.
ബെംഗളൂരു, ചെന്നൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മാത്രം പത്ത് കോടി രൂപയിലധികം മൂല്യമുള്ള വ്യാജ മരുന്ന് ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ട്. ഈ ജീവൻരക്ഷാ ആന്റിബയോട്ടിക്കുകൾ പ്രമുഖ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗങ്ങളിലേക്കും എത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസും ആരോഗ്യ വകുപ്പും ഊർജ്ജിത അന്വേഷണം നടത്തിവരികയാണ്.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. തട്ടിപ്പ് ശൃംഖലയുടെ വ്യാപ്തി കണക്കിലെടുത്ത് കർണാടകയിലെ നിരവധി ഡ്രഗ് ലൈസൻസുകൾ റദ്ദാക്കുകയും പ്ലാന്റുകളിൽ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.