ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രചാരണാർത്ഥം ദുൽഖർ സൽമാനും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറപ്രവർത്തകരും കൊച്ചിയിലെത്തുന്നു. നവംബർ 13-ന് വൈകിട്ട് ആറ് മണിക്ക് ഫോറം കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രമോഷൻ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായി അവതരിപ്പിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.
‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയവുമായി എത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ ആവേശം പകരുന്നതായിരിക്കും കൊച്ചിയിലെ ഈ പ്രത്യേക സംഗമം. റിലീസിന് മുന്നോടിയായി ദുൽഖർ സൽമാനും ചിത്രത്തിലെ മറ്റ് താരങ്ങൾക്കും അണിയറപ്രവർത്തകർക്കും ആരാധകരുമായി നേരിട്ട് സംവദിക്കാനുള്ള മികച്ച അവസരം കൂടിയായിരിക്കും ഈ വേദി.
പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ 'കൃഷ്ണ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് 'കല്പന' എന്ന നായികാ കഥാപാത്രമായി എത്തുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
തമിഴ് നടി ശ്രുതി ഹാസൻ 'രോഹിണി' എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നൽകിയ ചിത്രത്തിലെ ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. ‘കൽക്കി 2898 എഡി’യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനെത്തുന്ന ചിത്രം നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.
ആരാധകരെ കാണാൻ ദുൽഖർ സൽമാനും ‘ആകാശംലോ ഒക താര’ ടീമും ഇന്ന് കൊച്ചിയിൽ; ഫോറം മാളിൽ പ്രത്യേക പരിപാടി, ചിത്രം നവംബർ 20-ന് തിയേറ്ററുകളിൽ