ഇറാനുമായുള്ള യുദ്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കി. അരിസോണയിലെ ബുൾഹെഡ് സിറ്റിയിൽ നടന്ന ഇലക്ഷൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേർഷ്യൻ ഉൾക്കടലിലെ തന്ത്രപ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തതായി അവകാശപ്പെട്ട ട്രംപ്, ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും തകർക്കപ്പെട്ടതായും പറഞ്ഞു. ഇറാനിയൻ നേതൃത്വത്തിലെ ഒന്നും രണ്ടും മൂന്നും നിര നേതാക്കൾ തുടച്ചുനീക്കപ്പെട്ടെന്നും ഇനി കൂടുതൽ നേതാക്കളെ ലക്ഷ്യമിടില്ലെന്ന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ അന്താരാഷ്ട്ര വിപണിയിൽ പെട്രോൾ-ഡീസൽ വില വർദ്ധനവിന് കാരണമായെന്ന് ട്രംപ് പരസ്യമായി സമ്മതിച്ചു. ഇന്ധനവില ഇത്രയധികം ഉയരുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, യുദ്ധം അവസാനിക്കുന്നതോടെ വില പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് താഴുമെന്നും പ്രവചിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് പുറമെ ബാബുൽ മന്ദബിലും സംഘർഷം രൂക്ഷമായതോടെ ഇന്ധനവിലയിലുണ്ടായ ഈ വർദ്ധനവ് അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപ് ഭരണകൂടത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയായി മാറിയിട്ടുണ്ട്. റാലിക്കിടെ ട്രംപ് നടത്തിയ വാദങ്ങൾ ഇറാനുമായുള്ള സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കിയെങ്കിലും, യുദ്ധമവസാനിക്കുന്നതോടെ വിപണി ശാന്തമാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെക്കുന്നത്.
ഇറാൻ വിഷയത്തിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കുമ്പോഴും, ഇസ്രായേൽ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതൽ തിരിച്ചടികൾ വേണ്ടെന്ന നിലപാടിലാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അതേസമയം, ഉചിതമായ സമയത്ത് ഇറാന്റെ കാര്യത്തിൽ യുക്തമായ തീരുമാനം ട്രംപ് കൈക്കൊള്ളുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും വ്യക്തമാക്കി. ഇതിനിടെ, 40 ദിവസത്തിലധികം നീണ്ട യുദ്ധത്തിന് ശേഷം ഇറാൻ കൂടുതൽ ആധുനികമായ ആയുധങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് ഹൊസൈൻ മൊഹെബ്ബി അവകാശപ്പെട്ടു.