ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യവും നിഷ്പക്ഷവുമാകണമെന്ന് പ്രമുഖ യൂട്യൂബറും കേന്ദ്രസർക്കാർ വിമർശകനുമായ ധ്രുവ് റാഠി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കാളിയാകാനാണ് താൻ ഇന്ത്യയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് കസ്റ്റഡിയിൽനിന്ന് പുറത്തുവന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചോർച്ച ജനാധിപത്യ സംവിധാനത്തിന് വലിയ ഭീഷണിയാണെന്നും ഇത്തരം നടപടികൾ തുടർന്നാൽ രാജ്യം ജനാധിപത്യത്തിൽ നിന്ന് പൂർണ്ണമായും ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമെന്നും ധ്രുവ് റാഠി മുന്നറിയിപ്പ് നൽകി. 2014-ന് മുൻപുള്ള അവസ്ഥയിൽ നിന്ന് മാറി 2024-ഓടെ രാജ്യം കൂടുതൽ ഏകാധിപത്യ രീതികളിലേക്ക് വഴിമാറിയെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. തന്റെ പൗരത്വത്തെക്കുറിച്ചും സമരത്തിലെ സാന്നിധ്യത്തെക്കുറിച്ചും തെറ്റായ വ്യാജപ്രചാരണങ്ങൾ നടത്തിയവർക്കുള്ള മറുപടിയായാണ് പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പരസ്യപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് ധ്രുവ് റാഠി ആരോപിച്ചു. ശനിയാഴ്ച തന്നെ പോലീസ് ഔദ്യോഗികമായി കസ്റ്റഡിയിലെടുക്കുകയല്ല, മറിച്ച് തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. യൂണിഫോം ധരിക്കാത്തവരുൾപ്പെടെ ഇരുപതോളം ആളുകൾ വീട്ടിൽ അതിക്രമിച്ചുകയറി തന്നെ ബലമായി കൊണ്ടുപോവുകയായിരുന്നു. വീട്ടുകാർക്ക് പ്രതികരിക്കാനുള്ള സമയം പോലും നൽകിയില്ലെന്നും, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതിനു മുൻപേ തന്നെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.