രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം നടത്തുന്നവർക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്ന ഡൽഹി പൊലീസിന്റെ വാദം തള്ളി ആശുപത്രി റിപ്പോർട്ട് പുറത്തുവന്നു. സമരക്കാർക്ക് നേരെ പെല്ലറ്റ് പ്രയോഗം ഉണ്ടായെന്ന കോക്ക്റോച്ച് ജനതാ പാർട്ടി (CJP) ആരോപണം ശരിവെക്കുന്ന വിവരങ്ങളാണ് ലേഡി ഹാർഡിങ് ആശുപത്രിയിൽ നിന്നും ലഭ്യമാകുന്നത്. പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ സമരക്കാരന്റെ കണ്ണിൽനിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകൾ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലും കൂടുതൽ പെല്ലറ്റുകൾ തറച്ചുകയറിയ നിലയിലാണെന്നും ഇവ നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നും മെഡിക്കൽ സംഘം വ്യക്തമാക്കി.
ഡൽഹിയിൽ ഇതാദ്യം; ദ്രുത കർമ്മ സേനയ്‌ക്കെതിരെ പ്രതിഷേധം
അക്രമങ്ങളോ പ്രതിഷേധങ്ങളോ തടയാൻ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് മുൻപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ദ്രുത കർമ്മ സേനയാണ് പ്രക്ഷോഭകർക്ക് നേരെ പെല്ലറ്റ് ഉതിർത്തതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. രാജ്യതലസ്ഥാനത്ത് ഇത്തരമൊരു മാരകായുധ പ്രയോഗം റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിലവിൽ പരിക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവത്തിൽ പൊലീസിനും കേന്ദ്ര ഭരണകൂടത്തിനുമെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി സി.ജെ.പി
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം വരുംദിവസങ്ങളിൽ അതിശക്തമാക്കുമെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്ക കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ഇപ്പോൾ ഡൽഹിയിൽ കണ്ടത് വെറും 'ട്രെയിലർ' മാത്രമാണെന്നും പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സമരം നടത്തുന്ന തങ്ങളെ കേസുകളും എഫ്.ഐ.ആറും കാണിച്ച് ഭയപ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടപടിയെടുത്തില്ലെങ്കിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് യുവാക്കൾ ഡൽഹിയിലേക്ക് ഒഴുകിയെത്തുമെന്നും പ്രശ്നങ്ങൾ വഷളായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.