ന്യൂഡല്‍ഹി : ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം കഴിയുന്നതിനു മുൻപു തന്നെ മൂന്നാം തരംഗത്തിന്‍റെയും സാധ്യതകള്‍ നിലനിൽക്കുന്നത് അത്യന്തം അപടകരമെന്നും ഈ സാഹചര്യം തരണം ചെയ്യാൻ മതിയായ ആരോഗ്യമേഖല അടിസ്ഥാന വിഭവ സൗകര്യം പ്രാദേശിക തലങ്ങളിൽ തന്നെ വേണമെന്നും കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം പി.
തന്റെ നിയോജകമണ്ഡലമായ മാവേലിക്കര ഉൾപ്പെടെ സംസ്ഥാനത്തെങ്ങും ആരോഗ്യ മേഖലയിൽ അവശ്യ ഉപകരണങ്ങളുടേയും മറ്റു വസ്തുക്കളുടെയും ദൗർലഭ്യം അതിരൂക്ഷമാണ്. ഈ അവസ്ഥക്ക് പരിഹാരം കാണാൻ എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഒറ്റത്തവണയായി പത്ത് കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി പ്രധാന മന്ത്രിക്കും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് പദ്ധതി നിർവഹണ വകുപ്പ് മന്ത്രി റാവു ഇന്ദർജിത് സിങ്ങിനും കത്തുനൽകി.
നിലവിൽ കോവിഡ് വ്യാപനം കൊണ്ടുണ്ടായ സാമ്പത്തിക പ്രതിസനാധി കാരണം സാമ്പത്തികവർഷം 2020-21 , 2021-22 ലെ എം പിമാരുടെ പ്രാദേശിക വികസന ഫണ്ട് കേന്ദ്ര സർക്കാർ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. എന്നാൽ ആരോഗ്യമേഖലയിൽ നിന്ന് അനവധി ആവശ്യങ്ങൾ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിക്ക് ജില്ലാതലത്തിൽ നിന്ന് തന്നെ ഉയരുന്നു. ആരോഗ്യമേഖലയിൽ നിന്നുയരുന്ന ആവശ്യങ്ങളിൽ ഏറെ പ്രധാനം ആംബുലൻസ് സൗകര്യമില്ലാത്ത ആശുപത്രികൾക്കായി ആംബുലൻസ് വാഹനങ്ങൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, പൾസ് ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ , കയ്യുറകൾ, എൻ 95 മാസ്കുകൾ, മറ്റുപകരണങ്ങൾ ഉടനടി ലഭ്യമാക്കുക എന്നതാണ്.
എം പി ലാഡ്‌സ് ഫണ്ട് മരവിപ്പിച്ചില്ലായിരുന്നെങ്കിൽ ഈ ആവശ്യങ്ങൾ ഉടനടി നടപ്പാക്കാൻ എം പി മാർക്ക് തന്നെ കഴിയുമായിരുന്നു. ഈ സാഹചര്യത്തിൽ ആരോഗ്യ മേഖലയിലെ പ്രാദേശിക ആവശ്യങ്ങൾ പൂർത്തീകരിക്കാൻ എം പി ലാഡ്‌സ് ഫണ്ടിലേക്ക് പത്ത് കോടി രൂപ അടിയന്തിരമായി ഒറ്റത്തവണ പ്രത്യേക വ്യവസ്ഥയിൽ അനുവദിക്കണം , എങ്കിൽ മാത്രമേ ആരോഗ്യ രംഗത്തെ നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാനാവൂ എന്നും കത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി സൂചിപ്പിച്ചു.