ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് നടക്കാനിരിക്കുന്ന സിജെപിയുടെ 'തിരംഗാ മാർച്ചിന്' മുന്നോടിയായി പാർട്ടി നേതാവ് അഭിജീത് ദിപ്കെയുടെ വസതിയിൽ ഡൽഹി പോലീസ് എത്തി. ഝണ്ടേവാലനിലെ വസതിയിലെത്തിയ പോലീസ്, ബിഎൻഎസ്എസിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അറിയിക്കുകയും മാർച്ച് നടത്തരുതെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച ഔദ്യോഗിക നോട്ടീസ് അഭിജീത്തിന് കൈമാറിയിട്ടുണ്ട്. നിയമവിരുദ്ധമായി കൂട്ടം ചേരരുതെന്നാണ് നോട്ടീസിൽ കർശനമായി ആവശ്യപ്പെടുന്നത്. പോലീസ് സംഘം അഭിജീത്തിന്റെ വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങൾ സിജെപി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് എസ്ഐആർ വിഷയവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് 'ലെഹ്രാ ദോ തിരംഗ' എന്ന പേരിൽ കൊണാട്ട് പ്ലേസ് സെൻട്രൽ പാർക്കിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നത്. ദേശീയപതാകയുമായി ആളുകളോട് സെൻട്രൽ പാർക്കിലേക്ക് എത്താനായിരുന്നു ആഹ്വാനം.
'ലെഹ്രാ ദോ തിരംഗ': മാർച്ച് തടയാൻ പോലീസ്; അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി പോലീസ്